എ.ജിക്കും അഭിഭാഷകര്‍ക്കും മുഖ്യമന്ത്രിയുടെ തട്ടും തലോടലും

കൊച്ചി: അഡ്വക്കറ്റ് ജനറലിനും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും മുഖ്യമന്ത്രിയുടെ തട്ടും തലോടലും. എ.ജി ഓഫിസിന്‍െറ കാര്യക്ഷമതയില്ലായ്മ ചൂണ്ടിക്കാട്ടിയുള്ള കോടതി വിമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പിന്തുണക്കൊപ്പം താക്കീതും മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്.
കോടതിയുടെ തെറ്റായ പരാമര്‍ശങ്ങളില്‍ അതൃപ്തി അറിയിച്ചും സര്‍ക്കാര്‍ അഭിഭാഷകരെന്നനിലയില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ചും എ.ജിക്കും സംഘത്തിനും മുഖ്യമന്ത്രി പിന്തുണ നല്‍കി. അതേസമയം, വിമര്‍ശങ്ങളില്‍ യാഥാര്‍ഥ്യങ്ങളുണ്ടെങ്കില്‍ അഭിഭാഷകര്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടര്‍ച്ചയായ കോടതി വിമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബന്ധപ്പെട്ട ജഡ്ജിക്കുനേരെ രൂക്ഷമായ പരാമര്‍ശങ്ങളുണ്ടാകുമെന്ന ധാരണക്കിടെയാണ് വിമര്‍ശങ്ങളില്‍ കാമ്പുണ്ടാകാമെന്ന വാക്കുകള്‍ മുഖ്യമന്ത്രിയില്‍നിന്ന് ഉണ്ടായത്. ജുഡീഷ്യറിയുമായി ഏറ്റുമുട്ടാനില്ളെന്നും ആരൊക്കെ ശ്രമിച്ചാലും അത് നടപ്പില്ളെന്നും യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോടും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കോടതി വിമര്‍ശത്തിലെ തെറ്റായ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. കോടതിയുടെ ചില വിമര്‍ശങ്ങളില്‍ എ.ജി ഓഫിസിനെ കുറിച്ചും പരാമര്‍ശങ്ങളുണ്ടായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകരുടെ ആത്മാര്‍ഥതയെ ചോദ്യംചെയ്യുന്ന ചില കാര്യങ്ങളും അതിലുണ്ടായിരുന്നു. എന്നാല്‍, അഭിഭാഷകരില്‍ സര്‍ക്കാറിന് പൂര്‍ണ വിശ്വാസമാണുള്ളത്. അതുകൊണ്ടാണ് കേസുകളില്‍ ഹാജരാകാന്‍ സുപ്രീംകോടതിയില്‍നിന്ന് അഭിഭാഷകരെ കൊണ്ടുവരാന്‍ നിര്‍ദേശിക്കാത്തത്. അവരുടെ മികവിന്‍െറ കാര്യത്തില്‍ സര്‍ക്കാറിന് പൂര്‍ണ തൃപ്തിയുണ്ട്. സര്‍ക്കാറിനെ കോടതി സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നതില്‍ വിരോധമുണ്ടാകേണ്ട കാര്യമില്ല. കാര്യങ്ങള്‍ ശരിയായി വിലയിരുത്തി പിശകുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കട്ടെ. സര്‍ക്കാറിന് തുറന്ന മനസ്സാണുള്ളത്. വിമര്‍ശങ്ങളില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടെങ്കില്‍ അവ തിരുത്താനുള്ള ഉത്തരവാദിത്തം അഭിഭാഷകര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.
വിമര്‍ശങ്ങളെ തെറ്റായ കാഴ്ചപ്പാടോടെ കാണേണ്ടതില്ല. കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടുപോകണം. ജുഡീഷ്യറിയെ മാനിക്കുകയും ബഹുമാനിക്കുകയും വേണം. പ്രവൃത്തികളെ ചോദ്യംചെയ്യാന്‍ ആളില്ലാത്ത സാഹചര്യമാണ് ചോദ്യംചെയ്യുന്ന സാഹചര്യത്തേക്കാള്‍ അപകടം. ജുഡീഷ്യറിയും സര്‍ക്കാറും തമ്മില്‍ ഒരു തരത്തിലുള്ള അഭിപ്രായവ്യത്യാസവുണ്ടാകില്ളെന്ന് പ്രസ്താവിച്ച് കോടതിയുമായി സന്ധി ചെയ്യുന്നതിന്‍െറ സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത്. കോടതിയുമായി ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷകരില്‍ പൂര്‍ണവിശ്വാസമാണ് യോഗത്തില്‍ സംസാരിച്ച മന്ത്രി കെ.എം. മാണിയും അര്‍പ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.