തിരുവനന്തപുരം: പ്രതിരോധ കുത്തിവെപ്പെടുത്തിട്ടും പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുന്നത് ആശങ്കയാകുന്നു. വാക്സിന്റെ കാര്യക്ഷമതയും കുത്തിവെപ്പിലെ സൂക്ഷ്മതക്കുറവും വീണ്ടും ചർച്ചയായി. ഈ വർഷം നാല് മാസത്തിനിടെ മൂന്ന് സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഒരു കുട്ടി പേവിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. തെരുവുനായുടെ കടിയേറ്റ ഇവരെല്ലാം പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരാണ്.
സംസ്ഥാനത്ത് അഞ്ച് വർഷത്തിനിടെ 20 പേരാണ് വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചത്. ഈ വർഷം നാല് മാസത്തിനിടെ മാത്രം 13 മരണം. ഇതിൽ ആറ് മരണവും കഴിഞ്ഞ ഏപ്രിലിലാണ്. മരിച്ചവരിൽ ഏറെയും ചെറുകുട്ടികളുമാണ്. അഞ്ച് വർഷത്തിനിടെ 102 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്.
2022 ജൂലൈയിൽ പാലക്കാട്, മങ്കരയിൽ കോളജ് വിദ്യാർഥിനി കുത്തിവെപ്പെടുത്തിട്ടും മരിച്ചതോടെയാണ് വാക്സിന്റെ കാര്യക്ഷമത ചർച്ചയായത്. ഞരമ്പിൽ കടിയേറ്റിട്ടുണ്ടെങ്കിൽ വൈറസ് പെട്ടെന്ന് തലച്ചോറിലേക്ക് എത്താമെന്നും മരണത്തിന് കാരണമായേക്കാമെന്നുമാണ് ആരോഗ്യവകുപ്പ് അന്ന് പറഞ്ഞത്.
കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ അഞ്ചര വയസ്സുകാരി മരിച്ചത് തലയിലേറ്റ ആഴത്തിലെ മുറിവ് കാരണമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. തലയിൽ കടിയേറ്റാൽ വൈറസ് വേഗം തലച്ചോറിലേക്ക് എത്താമെന്നും അങ്ങനെ മരണം സംഭവിക്കാമെന്നും ആരോഗ്യവകുപ്പ് പറയുന്നു.
കഴിഞ്ഞമാസം മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിയായ കുട്ടിക്കും ഇപ്പോൾ എസ്.എ.ടിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിക്കും കൈമുട്ടിലാണ് കടിയേറ്റത്. അഞ്ച് വർഷത്തിനിടെ വാക്സിനെടുത്തിട്ടും മരിച്ച 20 പേരിൽ പലർക്കും കൈകാലുകളിലാണ് കടിയേറ്റതത്രെ.
അതേസമയം, തലയിലും മുഖത്തും ഗുരുതര കടിയേറ്റ് വാക്സിനെടുത്ത ആയിരക്കണക്കിന് പേർക്ക് ഒരപകടവും സംഭവിച്ചിട്ടുമില്ല. കടിയുടെ തീവ്രത മരണകാരണമാകാമെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്തിട്ടും വാക്സിന്റെ ഗുണമേന്മ പരിശോധിക്കപ്പെടാത്തതിലാണ് വിമർശനം. പേവിഷബാധക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന ഇൻഡ്രഡെർമെൽ റാബിസ് വാക്സിൻ (ഐ.ഡി.ആര്.വി) നല്‍കുന്നതിലെ സൂക്ഷ്മതക്കുറവ് വാക്സിൻ ഫലപ്രദമാകാതിരിക്കാൻ കാരണമായേക്കാമെന്ന വാദവുമുണ്ട്.
തിരുവനന്തപുരം: പേവിഷ വാക്സിനെതിരായ പ്രചാരണം അപകടകരമെന്ന് ആരോഗ്യവകുപ്പ്. വാക്സിൻ നൂറുശതമാനവും ഗുണമേന്മയുള്ളതെന്നാണ് വിശദീകരണം. വെള്ളിയാഴ്ച ചേർന്ന സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗത്തിലും വാക്സിനെതിരായ പ്രചാരണം അപകടകരമെന്നാണ് അഭിപ്രായമുയർന്നത്. ഓരോ ബാച്ച് വാക്സിന്റെയും ഗുണഫലം സെന്‍ട്രല്‍ ലാബില്‍ ഉറപ്പ് വരുത്തിയതിന് ശേഷമാണ് വിതരണമെന്നും ശാസ്ത്രീയ അറിവിന്റെ അടിസ്ഥാനത്തിൽ ഇത്തരം പ്രചാരണങ്ങൾക്ക് തടയിടണമെന്നും യോഗം ആവശ്യപ്പെട്ടു.
കുന്നിക്കോട് (കൊല്ലം): പേവിഷബാധയുടെ പ്രതിരോധ കുത്തിവെപ്പെടുത്ത പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊല്ലം കുന്നിക്കോട് വിളക്കുടി കിണറ്റിന്‍കര ബംഗ്ലാവില്‍ ഭാഗത്ത് ജാസ്മിന് മന്‍സിലില്‍ ഫൈസലിന്റെ മകള്‍ നിയ ഫൈസലിനെയാണ് (ഏഴ്) തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്.
താറാവിനെ ഓടിച്ചെത്തിയ നായയാണ് കുട്ടിയെ ആക്രമിച്ചത്. ഉടൻ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് പേവിഷബാധക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന ഐ.ഡി.ആർ.വി ഡോസ് എടുത്തു. അന്നുതന്നെ ആന്റിറാബിസ് സിറവും നൽകി. പിന്നീട് മൂന്നുതവണകൂടി ഐ.ഡി.ആർ.വി കുത്തിവെപ്പെടുത്തു.
ഈ മാസം ആറിനാണ് അവസാന ഡോസ് എടുക്കേണ്ടത്. ഇതിനിടെ കഴിഞ്ഞദിവസം കുട്ടിക്ക് പനി ബാധിച്ചു. തുടർന്ന് പുനലൂര്‍ താലൂക്ക് ആശുപ്രതിയിൽ കൊണ്ടുപോയി. അവിടെനിന്ന് എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവെച്ചാണ് പേ വിഷ ബാധ സ്ഥിരീകരിച്ചത്. കുട്ടിയെ കടിച്ച നായ് മറ്റാരെയെങ്കിലും കടിച്ചിട്ടുണ്ടോ എന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.