രണ്ട് വയസുകാരിയെ മർദിച്ച സംഭവം; ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: തൃക്കാക്കരയിൽ രണ്ടു വയസുകാരിക്ക് മർദനമേറ്റ സംഭവത്തിൽ ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. അപസ്മാരമിളകിയ കുട്ടിയെ രാത്രി എട്ടരയോടെ കാക്കനാടുള്ള ഫ്ലാറ്റിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയിൽ പതിഞ്ഞത്. കുട്ടിയുടെ മാതാവും, അവരുടെ സഹോദരിയും പങ്കാളിയും കൂടെ ആ‍ശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് പുലർച്ചെ ഒന്നരയോടെയാണ് രണ്ട് വയസുകാരിയെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്.

അതേസമയം, കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. കുട്ടിക്ക് മർദ്ദനമേറ്റ് വെന്‍റിലേറ്ററിലായെന്ന് വാർത്ത വന്നതിന് പിറകെ അമ്മയുടെ സഹോദരിയും ഇവരുടെ ആൺ സുഹൃത്തും ഒളിവിലായെന്നാണ് സൂചന. ഇരുവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഡോക്ടർമാരുടെ പരിശോധനയിൽ തലക്ക് സാരമായ പരിക്കുള്ളതായി വ്യക്തമായി.കുട്ടി സ്വമേധയാ ഉണ്ടാക്കിയ മുറിവുകളെന്നാണ് കുട്ടിയുടെ കുടുംബത്തിൽ നിന്ന് പൊലീസിന് കിട്ടിയ വിശദീകരണം. എന്നാല്‍‌ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.

സംഭവത്തില്‍ കുട്ടിയുടെ അമ്മക്കെതിരെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. മുറിവുകളുണ്ടായിട്ടും ചികിത്സ നല്‍കിയില്ലെന്ന കണ്ടെത്തലിന്റെ ഭാഗമായാണ് കേസ്. കുട്ടിയെ അപസ്മാരത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പരിക്ക് ശ്രദ്ധയില്‍പെട്ടത്. ശരീരമാസകലം മുറിവേറ്റിട്ടുള്ള കുട്ടിക്ക് അതുവരെ ചികിത്സ നല്‍കിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കുടുംബം താമസിച്ച വീടിന്റെ അയല്‍ക്കാരില്‍ നിന്ന് പൊലീസ് വിവരങ്ങല്‍ തേടിയിട്ടുണ്ട്.

Tags:    
News Summary - 2 Years Old Baby Beaten; CCTV Footage leaked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.