കൊച്ചി: 2025ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേന്ദ്രം തഴഞ്ഞത് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി, സാഹിത്യ, സാംസ്കാരിക ലോകത്തെ മുൻനിരക്കാരനായ എം.കെ. സാനു, ടി.പത്മനാഭൻ, സി. രാധാകൃഷ്ണൻ, മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര തുടങ്ങി നിരവധി പ്രതിഭകളെ. സംസ്ഥാന സർക്കാർ നൽകിയ ശിപാർശ പട്ടികയിലുണ്ടായിരുന്ന 20 പേരിൽ രണ്ടുപേരെ മാത്രമാണ് കേന്ദ്രം പരിഗണിച്ചതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
അന്തരിച്ച സാഹിത്യ കുലപതി എം.ടി. വാസുദേവൻ നായർ, ഹോക്കി താരം പി.ആർ. ശ്രീജേഷ് എന്നിവർ മാത്രമാണ് കേരളം നൽകിയ പട്ടികയിൽനിന്ന് പത്മ പുരസ്കാരത്തിന് അർഹരായത്.
മരണാനന്തര ബഹുമതിയായി പത്മവിഭൂഷണാണ് എം.ടി. വാസുദേവൻ നായർക്ക് കേന്ദ്രം പ്രഖ്യാപിച്ചത്. 2024 ആഗസ്റ്റിൽ, എം.ടി മരിക്കുന്നതിനും മാസങ്ങൾക്കുമുമ്പാണ് പട്ടിക കേന്ദ്രത്തിന് കേരളം സമർപ്പിച്ചത്.
ഇദ്ദേഹത്തിന് പത്മവിഭൂഷൺ നൽകണമെന്ന് തന്നെയായിരുന്നു ശിപാർശ. ശ്രീജേഷിന് പത്മഭൂഷൺ നൽകാനുള്ള ശിപാർശയും കേന്ദ്രം അംഗീകരിച്ചു.
എന്നാൽ, കെ.എസ്. ചിത്രക്ക് പത്മവിഭൂഷണും ടി. പത്മനാഭൻ, മമ്മൂട്ടി എന്നിവർക്ക് പത്മഭൂഷണും നൽകാനുള്ള ശിപാർശകൾ വെറുതെയായി. കൂടാതെ, സാഹിത്യത്തിൽ എം.കെ. സാനു, സി. രാധാകൃഷ്ണൻ, പള്ളിയറ ശ്രീധരൻ, കലാരംഗത്ത് സൂര്യ കൃഷ്ണ മൂർത്തി, വൈക്കം വിജയലക്ഷ്മി, തിരുവിഴ ജയശങ്കർ, കലാമണ്ഡലം ചന്ദ്രൻ, സിവിൽ സർവിസ് മേഖലയിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ആരോഗ്യരംഗത്ത് ഡോ. ടി.കെ. ജയകുമാർ, ഡോ. രാജൻ ജോസഫ് മാഞ്ഞൂരാൻ, സാമൂഹിക സേവനത്തിന് ഫാ. ഡേവിസ് ചിറമേൽ, പുനലൂർ സോമരാജൻ, വിദ്യാഭ്യാസ പ്രവർത്തനത്തിന് വാണിദാസ് എളയാവൂർ, വ്യാപാര-വ്യവസായത്തിൽ ടി.എസ്. കല്യാണരാമൻ, കായികരംഗത്ത് പത്മിനി തോമസ് എന്നിവർക്ക് പത്മശ്രീയും ശിപാർശ ചെയ്തിരുന്നു.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ കൺവീനറും മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.ബി. ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ.വി. വേണു എന്നിവർ അംഗങ്ങളുമായ പ്രത്യേക പരിശോധന സമിതിയാണ് ശിപാർശ ചെയ്യേണ്ടവരെ കണ്ടെത്തിയതും പരിഗണിച്ചതുമെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല സമർപ്പിച്ച അപേക്ഷക്ക് ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.