തിരുവനന്തപുരം: 16 കാരിയുടെ വായിൽ തുണി കെട്ടി ബലാത്സംഗം ചെയ്ത കേസിൽ രണ്ടാം പ്രതിക്ക് 30 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും. വലിയതുറ മിനി സ്റ്റുഡിയോക്ക് സമീപം സുനിൽ അൽഫോൺസിനെയാണ് (32) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.
പെൺകുട്ടി പനിമൂലം വലിയതുറ ആശുപത്രിയിൽ ചികിത്സക്ക് വന്നപ്പോൾ 2014 ഫെബ്രുവരി 26 നായിരുന്നു സംഭവം. ആശുപത്രിയിൽവെച്ച് ഒന്നാം പ്രതിയായ 16കാരൻ സഹോദരി അന്വേഷിക്കുന്നെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചു. 16കാരെൻറ ചേച്ചിയുമായി ഒരുമിച്ച് പഠിച്ചതിനാൽ മറ്റ് സംശയം തോന്നാത്തതിനാൽ പെൺകുട്ടി വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്നയുടൻ 16കാരൻ കതകടച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ഈ സമയം മുറിയിൽ ഒളിച്ചിരിക്കുകയായിരുന്ന രണ്ടാം പ്രതി കുട്ടിയെ കടന്നുപിടിച്ചു. ബഹളം വെച്ചപ്പോൾ തുണികൊണ്ട് വാമൂടിക്കെട്ടി പ്രതികൾ കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു.
കുട്ടിയുടെ ബഹളം കേട്ട് സമീപത്തുള്ള സ്ത്രീ വാതിൽ തട്ടിയപ്പോൾ സുനിൽ പിൻവാതിൽ വഴി ഓടി രക്ഷപ്പെട്ടു. ഈ സ്ത്രീയാണ് കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിലേക്ക് മടക്കി അയച്ചത്. എന്നാൽ, വിചാരണവേളയിൽ ഈ സ്ത്രീ പ്രതിഭാഗത്തേക്ക് കൂറുമാറി. ഒന്നാം പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിൽ നടന്നുവരികയാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.
വലിയതുറ സി.ഐമാരായിരുന്ന ഡി. അശോകൻ, സി.എസ്. ഹരി എന്നിവരാണ് അന്വേഷണം നടത്തിയത്. റിമാൻഡ് കാലാവധി ശിക്ഷയിൽനിന്ന് ഇളവ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.