എം.സി റോഡ്, കൊല്ലം -ചെങ്കോട്ട റോഡ് പശ്ചാത്തല വികസനത്തിന് 1,500 കോടി രൂപ അനുവദിച്ചു

അടൂർ: മധ്യകേരളത്തിന്റെ യാത്ര നാഡിയായ എം.സി റോഡിന്റെയും കൊല്ലം - ചെങ്കോട്ട റോഡിന്റെയും പശ്ചാത്തല വികസനത്തിന് 1500 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കിഫ്ബിയിൽ നിന്ന് 10.9 കോടി രൂപ ചെലവിൽ പണി പൂർത്തീകരിച്ച അടൂർ ഇരട്ടപ്പാലത്തിന്റെയും അനുബന്ധ റോഡ് പുനരുദ്ധാരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല മണ്ഡല കാലം ആരംഭിക്കുന്നതിനു വളരെ മുമ്പേ പൊതുമരാമത്ത് ചുമതലയിലുള്ള 19 റോഡുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിച്ചു. പ്രത്യേക ടീം മേൽനോട്ടം വഹിക്കുകയും നിരന്തരം പരിശോധനകൾ നടത്തുകയും ചെയ്തു. പരാതികൾക്കിട വരുത്താതെ ജോലി ചെയ്ത പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കരാറുകാരെയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെയും നന്ദി അറിയിക്കുന്നതായി മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ ദിവ്യ എസ്. അയ്യർ, അടൂർ നഗരസഭ അധ്യക്ഷൻ ഡി. സജി, കിഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു മാധവൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്. ഹാരീസ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - 1,500 crore sanctioned for the background development of MC Road, Kollam-Chenkota Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.