കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമിശ്രിതം പൊലീസ് പിടികൂടി. സംഭവത്തിൽ റാസൽഖൈമയിൽനിന്നെത്തിയ കണ്ണൂർ സ്വദേശി തസ്‌ലീമിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
റാസൽഖൈമയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ തസ്‌ലീം, വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനകളെല്ലാം വെട്ടിച്ച് പുറത്തിറങ്ങിയ ശേഷമാണ് മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സംഘത്തിന്റെ വലയിലായത്.
ശരീരത്തിനുള്ളിൽ നാല് ക്യാപ്സൂളുകളിലാക്കിയാണ് ഇയാൾ സ്വർണമിശ്രിതം ഒളിപ്പിച്ചിരുന്നത്. പ്രതിയെ ചോദ്യം ചെയ്തതിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, വിമാനത്താവളത്തിന് പുറത്ത് ഇയാളെയും കൂട്ടി പോകാനായി വാഹനവുമായി കാത്തുനിന്നിരുന്ന കോഴിക്കോട് വടകര, കൊയിലാണ്ടി സ്വദേശികളായ രണ്ടുപേരെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. പിടിച്ചെടുത്ത സ്വർണമിശ്രിതം വേർതിരിച്ചെടുത്ത് തൂക്കം തിട്ടപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അത്യാധുനിക സ്കാനിങ് സംവിധാനങ്ങൾ നിലനിൽക്കെ കസ്റ്റംസിനെ കബളിപ്പിച്ച് വൻതോതിൽ സ്വർണം ടെർമിനലിന് പുറത്തെത്തുന്നത് സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതര വീഴ്ചയാണെന്ന വിമർശനം ശക്തമാകുന്നുണ്ട്.
കസ്റ്റംസിനെ മറികടന്നെത്തുന്ന സ്വർണക്കടത്തുകാരെ വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടുന്നത് കരിപ്പൂരിൽ പതിവാവുകയാണ്. സംഭവത്തിൽ സ്വർണക്കടത്ത് സംഘത്തിന്റെ യഥാർഥ ഉറവിടം, നിക്ഷേപകർ, ഇതിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവർ എന്നിവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.