കോഴിക്കോട് കോർപറേഷൻ അക്കൗണ്ടിൽനിന്ന് പിൻവലിച്ചത് 14.5 കോടി

കോഴിക്കോട്: കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് അധികൃതർ അറിയാതെ പിൻവലിച്ചത് 14.5 കോടി രൂപ. കഴിഞ്ഞ ദിവസം 2,53,59,556 രൂപ പിൻവലിച്ചതായി കണ്ടെത്തിയിരുന്നു. ഈ തുക കോർപറേഷന്റെ അക്കൗണ്ടിൽ ബാങ്ക് തിരിച്ചേൽപിച്ചതായി കോർപറേഷൻ അധികൃതർ അറിയിച്ചു. പുതുതായി കണ്ടെത്തിയ 12 കോടിയോളം രൂപ കുടുംബശ്രീ അക്കൗണ്ടുകളിൽനിന്നുള്ളതാണ്. 1.89 കോടി ഒരു അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. പരിശോധന തുടരുന്നതിനാൽ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് കരുതുന്നത്.

പഞ്ചാബ് നാഷനൽ ബാങ്കിന്റെ കോയമ്പത്തൂർ ഓഫിസിൽനിന്നുള്ള വിദഗ്ധരടങ്ങിയ സംഘം കോഴിക്കോട്ടെത്തി ബാങ്കിലെ എല്ലാ അക്കൗണ്ടുകളും പരിശോധിക്കുന്ന നടപടി ആരംഭിച്ചു. കോർപറേഷന്റെതല്ലാത്ത അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായാണ് പ്രാഥമിക നിഗമനം. നാലുദിവസത്തിനകം സംഘം അവസാന റിപ്പോർട്ട് തയാറാക്കും. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ പഞ്ചാബ് നാഷനൽ ബാങ്ക് ശാഖയുടെ മുൻ സീനിയർ മാനേജർ എം.പി. റിജിലിനെതിരെ ടൗൺ പൊലീസ് കേസെടുത്തു. ഇദ്ദേഹത്തെ ബാങ്ക് കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. വ്യാഴാഴ്ച ബാങ്കിൽ പൊലീസ് പരിശോധന നടത്തി.

ബ്രാഞ്ചിലെ ഇപ്പോഴത്തെ മാനേജർ സി.ആർ. വിഷ്ണുവിന്റെ പരാതിയിലാണ് മുൻ മാനേജർക്കെതിരെ കേസ്. റിജിൽ ബ്രാഞ്ചിൽ ജോലിചെയ്യവെ കഴിഞ്ഞ ഒക്ടോബർ 12നും നവംബർ 25നുമിടയിൽ വിവിധ ദിവസങ്ങളിൽ സർക്കാർ സ്ഥാപനമായ കോർപറേഷനെയും ബാങ്കിനെയും വഞ്ചിച്ച് 98,59,556 രൂപ അന്യായമായി കൈക്കലാക്കിയെന്നാണ് മാനേജറുടെ പരാതി. ഈ പരാതിയിൽ ശിക്ഷാ നിയമം 409 (ബാങ്ക് ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന), 420 (വഞ്ചന) തുടങ്ങിയ കുറ്റങ്ങളാണ് പ്രഥമ വിവര റിപ്പോർട്ടിൽ ചുമത്തിയത്.

കഴിഞ്ഞ ഒക്ടോബർ 12, 14, 20, 25, നവംബർ ഒന്ന്, 11, 25 തീയതികളിൽ 2,53,59,556 രൂപ പിൻവലിച്ചതായി കണ്ടെത്തിയതായി സെക്രട്ടറി കെ.യു. ബിനിയും കഴിഞ്ഞ ദിവസം ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നു. നഗരസഭ അക്കൗണ്ട്സ് വിഭാഗം അറിയാതെയായിരുന്നു പണം പിൻവലിച്ചത്. ബാങ്ക് പരാതി നൽകിയ പ്രകാരമുള്ള 98,59,556 രൂപ കോർപറേഷൻ അക്കൗണ്ടിൽ ബാങ്ക് തിരികെ നിക്ഷേപിച്ചിട്ടുണ്ടെന്ന് സെക്രട്ടറി നൽകിയ പരാതിയിലുണ്ട്.

കോർപറേഷന്റെ 13 അക്കൗണ്ടുകളാണ് പി.എൻ.ബി ബാങ്കിന്റെ ഈ ശാഖയിലുള്ളത്. ഇതിൽ പൂരക പോഷകാഹാര പദ്ധതിയുടെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ കോർപറേഷൻ ചെക്ക് സമർപ്പിച്ചപ്പോഴാണ് അക്കൗണ്ടിലെ പണം തിരിമറി നടത്തിയതായി കണ്ടെത്തിയത്.

അക്കൗണ്ടിൽ പണമില്ലെന്ന് പറഞ്ഞ് ചെക്ക് മടങ്ങുകയായിരുന്നു. പോഷകാഹാര പദ്ധതിയിൽ 4,82,675 രൂപയുടെ പേയ്മെന്റ് കഴിഞ്ഞ ദിവസം അക്കൗണ്ട്സ് വിഭാഗത്തിൽ എത്തിയിരുന്നു. ഇതിനായി ബാലൻസ് പരിശോധിച്ചപ്പോഴാണ് 2,77,068 രൂപ മാത്രമേ ബാക്കിയുള്ളൂവെന്ന് മനസ്സിലായത്. തുടർന്ന് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ പല തവണയായി കോടികൾ പിൻവലിച്ചതായി കണ്ടെത്തുകയായിരുന്നു.

Tags:    
News Summary - 14.5 crore was withdrawn from Kozhikode Corporation account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.