12 ഇന്ത്യൻ കപ്പൽ തൊഴിലാളികൾ അമേരിക്കയിലെ തുറമുഖത്ത് കുടുങ്ങി

മട്ടാഞ്ചേരി: സീ ലയൺ എന്ന തുർക്കി കപ്പലിന്‍റെ മാസ്റ്ററും ജീവനക്കാരും ഉൾപ്പെടെ പന്ത്രണ്ട് ഇന്ത്യൻ തൊഴിലാളികൾ ദക്ഷിണ അമേരിക്കയിലെ ഗയാനയിലെ ജോർജ് ടൗൺ തുറമുഖത്ത് കുടുങ്ങി. എല്ലാ നാവികരുടെയും കരാർ കാലാവധി അവസാനിച്ചിട്ട് മാസങ്ങളായി. സ്വദേശത്തേക്ക് കൊണ്ടു പോകാനുള്ള ആവർത്തിച്ചുള്ള അഭ്യർഥന കപ്പൽ കമ്പനി ചെവിക്കൊള്ളുന്നില്ലെന്ന്​ തൊഴിലാളികൾ പറഞ്ഞു.

ജീവനക്കാർക്ക് വേതനം ലഭിച്ചിട്ട് മാസങ്ങളായി. കപ്പലിലെ ജനറേറ്റർ പ്രവർത്തിക്കാത്തതിനെ തുടർന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം വൈദ്യുതിയും വെളിച്ചവും എന്ന രീതി ഏർപ്പെടുത്തിയ ശേഷം കപ്പൽ തുറമുഖത്തെത്തിക്കുകയായിരുന്നു. പ്രശ്നത്തിൽ ഇടപ്പെട്ട കൊച്ചിയിലെ ഐ.ടി.എഫ് (ഇന്‍റർ നാഷനൽ ട്രാൻസ്‌പോർട്ട്​ വർക്കേഴ്സ് ഫെഡറേഷൻ) തുർക്കിയിലെ ഇസ്തംബൂളിലുള്ള കപ്പലിന്‍റെ ക്രൂ മാനേജരെയും ഡി.പി.എയെയും ബന്ധപ്പെട്ടിട്ടുണ്ട്. തുടർന്ന് ഇവർ കപ്പൽ ഉടമകളുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല. മുംബൈയിലെ റിക്രൂട്ട്‌മെന്‍റ്​​ ഏജന്‍റായ ദിനേശനെ ബന്ധപ്പെട്ടിട്ടും മറുപടിയൊന്നും ലഭിച്ചിട്ടില്ല.

ഇതിനിടെ കപ്പലിൽ പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥൻ ജീവനക്കാരെ വഞ്ചിക്കുകയും ചെയ്തു. കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും നാട്ടിലേക്കയക്കാമെന്ന് പറഞ്ഞ് അവർക്ക് വിമാന ടിക്കറ്റ് നൽകി. എന്നാൽ, മാർച്ച് 17 ന് ജീവനക്കാർ വിമാനത്താവളത്തിൽ എത്തിയപ്പോൾ ഉദ്യോസ്ഥർ നൽകിയ ടിക്കറ്റുകൾ വ്യാജമാണെന്നും യാത്ര ചെയ്യാൻ കഴിയില്ലെന്നും അറിയിച്ചു. ഇതോടെ അവർ ഹോട്ടലിലേക്ക് മടങ്ങിയിരിക്കുകയാണ്. ജീവനക്കാർ ഹോട്ടലിൽ താമസിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 28 ദിവസമായി.

Tags:    
News Summary - 12 Indian ship workers stranded at US port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.