തിരിച്ചുവന്ന 100 രൂപ നോട്ടുകള്‍ കീടനാശിനി തളിച്ചത്

തൃശൂര്‍: നോട്ട് ക്ഷാമം നേരിടാന്‍ പുറത്തെടുത്ത 100 രൂപ നോട്ടുകള്‍ ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്ന് ആശങ്ക. 15 വര്‍ഷമായി കെട്ടിക്കിടക്കുന്ന നോട്ടുകളാണ് ഇപ്പോള്‍ ചില്ലറ നോട്ടിന്‍െറ ക്ഷാമം പരിഹരിക്കാന്‍ പ്രചാരത്തിലുള്ളത്. 2001ല്‍ റിസര്‍വ് ബാങ്കിന്‍െറ ‘ക്ളീന്‍ നോട്ട് പോളിസി’ പ്രകാരം പിന്‍വലിക്കപ്പെട്ട ദശലക്ഷക്കണക്കിന് രൂപയുടെ നൂറിന്‍െറ കറന്‍സിയാണ് വ്യാപകമായി ഉപയോഗിക്കുന്നത്.

ചിതല്‍ പിടിക്കാതിരിക്കാന്‍ കീടനാശിനി തളിച്ചാണ് ഈ നോട്ടുകളത്രയും സൂക്ഷിക്കുന്നത്. 2001 വരെ പിന്‍വലിക്കുന്ന മുഷിഞ്ഞതും ജീര്‍ണിച്ചതുമായ നോട്ടുകള്‍ കത്തിച്ചുകളയുകയാണ് റിസര്‍വ് ബാങ്ക് ചെയ്തിരുന്നത്. എന്നാല്‍, 15 വര്‍ഷമായി അത് നടക്കുന്നില്ല. പകരം ബാങ്കുകള്‍ മുഖേന ഇത്തരം നോട്ടുകള്‍ പിന്‍വലിച്ച് റിസര്‍വ് ബാങ്കിന്‍െറ വിവിധ കേന്ദ്രങ്ങളിലും ചില പ്രധാന ബാങ്കുകളിലുമായി സൂക്ഷിക്കുകയാണ്. ഇടക്ക് പൊടിച്ച് പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങളുണ്ടാക്കാന്‍ കൊടുക്കും. കുറച്ചായി അുതും നടക്കുന്നില്ല.

ഈ നോട്ടുകള്‍ നോട്ടെണ്ണല്‍ യന്ത്രത്തില്‍ വെക്കാനാകില്ല. കൈകൊണ്ടുതന്നെ എണ്ണണം. അതാണ് ബാങ്ക് ജീവനക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നം. മാത്രമല്ല, ഇത്തരം നോട്ടുകള്‍ സൂക്ഷിക്കുന്ന ബാങ്കുകളിലും കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കും പല അസ്വസ്ഥതകളും അനുഭവപ്പെടുന്നതായി പറയുന്നു. ‘കൈയില്‍ ചൊറിച്ചില്‍ മുതലുള്ള പ്രശ്നങ്ങളുണ്ട്. അത് പറയാന്‍ പറ്റിയ സമയം അല്ലാത്തതുകൊണ്ട് സഹിക്കുകയാണ്’ -ഒരു ബാങ്ക് ഓഫിസര്‍ പറഞ്ഞു.

സുഗന്ധദ്രവ്യം തളിച്ചിട്ടും ദുര്‍ഗന്ധം മാറാത്ത നോട്ടുകളും കൂട്ടത്തിലുണ്ട്. റിസര്‍വ് ബാങ്കിന്‍െറ ക്ളീന്‍ നോട്ട് പോളിസിയും ഇതോടെ വ്യര്‍ഥമായി.

 

Tags:    
News Summary - 100 rupees notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.