പാകിസ്താനില്‍ ഗുലന്‍െറ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്ന് തുര്‍ക്കി

അങ്കാറ: സൈനിക അട്ടിമറിക്ക് പിന്നിലെന്നു കരുതുന്ന മതനേതാവ് ഫത്ഹുല്ല ഗുലന്‍െറ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്ന് തുര്‍ക്കി പാകിസ്താനോട് ആവശ്യപ്പെട്ടു. ഗുലന്‍ സംഘത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് എല്ലാ സുഹൃദ്രാജ്യങ്ങളുടെയും പിന്തുണ തേടുകയാണെന്ന് തുര്‍ക്കി അംബാസഡര്‍ സാദിഖ് ബാബുര്‍ ഗിര്‍ഗിന്‍ പറഞ്ഞു.

അട്ടിമറിക്കു പിന്നില്‍ ഗുലന്‍ സംഘമാണെന്നതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. പാകിസ്താനില്‍ ഗുലന് 21 സ്കൂളുകളും സ്ഥാപനങ്ങളുമടങ്ങുന്ന വലിയൊരു  ശൃംഖലതന്നെയുണ്ട്. ഗുലന്‍െറ ബിസിനസും സംഘടനകളും വര്‍ഷങ്ങളായി നടത്തുന്നത് പാകിസ്താനില്‍നിന്നാണ്.
പാകിസ്താനുമായി തുര്‍ക്കി നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. യു.എസില്‍നിന്ന് ഗുലനെ വിട്ടുകിട്ടുന്നതിന് ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈനിക അട്ടിമറിയെക്കുറിച്ച് അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നു വന്ന പ്രതികരണങ്ങള്‍ നിരാശപ്പെടുത്തി. ജനാധിപത്യരാജാക്കന്മാരെന്ന് ഉദ്ഘോഷിക്കുന്ന രാജ്യങ്ങളില്‍നിന്നുള്ള പ്രതികരണമായിരുന്നു കൂടുതല്‍ നിരാശപ്പെടുത്തിയത്. യു.എസും മറ്റു രാജ്യങ്ങളും അട്ടിമറിയുടെ ആദ്യമണിക്കൂറുകളില്‍ ഏറെ ജാഗ്രതയോടെയാണ് കാര്യങ്ങള്‍ നോക്കിക്കണ്ടത്. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനുശേഷമേ അവര്‍ അപലപിക്കാന്‍ തയാറായുള്ളൂ. ഭീകരാക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ നീട്ടാന്‍ തീരുമാനിച്ചപ്പോള്‍ മൗനംപാലിച്ച പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തുര്‍ക്കിക്കെതിരെ രംഗത്തുവരുന്നതിന്‍െറ ഇരട്ടത്താപ്പ് മനസ്സിലാക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.