ആസ്ട്രേലിയന്‍ അഭയാര്‍ഥി ക്യാമ്പില്‍ കുട്ടികള്‍ കടുത്ത പീഡനമനുഭവിക്കുന്നതായി റിപ്പോര്‍ട്ട്

സിഡ്നി: രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളെ ആസ്ട്രേലിയന്‍ സര്‍ക്കാര്‍ താമസിപ്പിച്ചിരിക്കുന്ന നഊറു ദ്വീപിലെ ക്യാമ്പില്‍ കുട്ടികള്‍ കടുത്ത പീഡനമനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. ലൈംഗികപീഡനമടക്കം രണ്ടായിരത്തിലധികം സംഭവങ്ങള്‍ ഇത്തരത്തില്‍ രണ്ടു വര്‍ഷത്തിനിടയിലുണ്ടായതായി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ ഓരോ ദിവസവും ഉണ്ടാകുന്നതായാണ് കണ്ടത്തെിയിരിക്കുന്നത്. ആസ്ട്രേലിയന്‍ അധികൃതരും നഊറു സുരക്ഷാ ഉദ്യോഗസ്ഥരുമാണ് പല സംഭവങ്ങളിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. പല കുട്ടികളും ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യാമ്പിലെ ജീവിതത്തെക്കാള്‍ മരണമാണ് നല്ലതെന്ന് പുസ്തകങ്ങളില്‍ കുട്ടികള്‍ എഴുതിവെച്ചതായി കണ്ടത്തെി.

നേരത്തേതന്നെ ഇവിടങ്ങളില്‍ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്ന് ഐക്യരാഷ്ട്രസഭയടക്കമുള്ള ഏജന്‍സികള്‍ അഭിപ്രായപ്പെട്ടിരുന്നു. ജയില്‍സമാനമായ സാഹചര്യത്തിലാണ് ഇവിടെ അഭയാര്‍ഥികള്‍ കഴിയുന്നതെന്ന് മനുഷ്യാവകാശ സംഘടനകളും വെളിപ്പെടുത്തുകയുണ്ടായി.റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ‘ജയിലുകളിലെ’ അഭയാര്‍ഥികളെ മോചിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അഭയാര്‍ഥികളുമായി ബന്ധപ്പെട്ട് ആസ്ട്രേലിയ സ്വീകരിക്കുന്ന നിലപാടാണ് പീഡനത്തിന് കാരണമാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തേക്ക് പ്രവേശിക്കാനത്തെുന്നവരെ തടഞ്ഞ് സമീപത്തെ ക്യാമ്പുകളിലേക്കയക്കുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് പിന്നീട് രാജ്യത്ത് കടക്കാന്‍ അനുമതി നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കാറില്ല. മനൂസ് ദ്വീപിലും നഊറുവിലും ഇത്തരത്തില്‍ ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.