ആതന്‍സ്: ഗ്രീസ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രിയും പുരോഗമന ഇടതുപക്ഷ നേതാവുമായ അലക്സിസ് സിപ്രാസ് നേതൃത്വംനല്‍കുന്ന സിറിസക്ക് വിജയം. പ്രതിപക്ഷനേതാവ് വാങ്കലിസ് മീമറാകിസ് നേതൃത്വംനല്‍കുന്ന വലതുപക്ഷ ന്യൂഡെമോക്രസി പാര്‍ട്ടിയെയാണ് പരാജയപ്പെടുത്തിയത്.
സിറിസ 35 ശതമാനം വോട്ടുകള്‍ നേടിയതായാണ് അവസാനവിവരം. ഇത് വ്യക്തമായ ഭൂരിപക്ഷമല്ലാത്തതിനാല്‍ സിറിസക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണ വേണ്ടിവരും. 300 അംഗ പാര്‍ലമെന്‍റില്‍ സിറിസ 144 സീറ്റുകള്‍ നേടിയിട്ടുണ്ട്. കേവലഭൂരിപക്ഷത്തിന് 151 സീറ്റുകള്‍ വേണം. ഇതിനായി 40 ശതമാനം വോട്ടെങ്കിലും കക്ഷികള്‍ നേടിയിരിക്കണം. ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂനിയനെതിരായ ജനവിധിയായിട്ടും സിപ്രാസ് നിലപാട് മാറ്റിയതോടെയാണ് രാജ്യം വീണ്ടും പൊതു തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കേണ്ടിവന്നത്. ഒരുകോടി വോട്ടര്‍മാരാണ് ഗ്രീസിലുള്ളത്.
വിജയത്തില്‍ പ്രതിപക്ഷനേതാവ് വാങ്കലിസ് മീമറാകിസ് സിറിസയെയും സിപ്രാസിനെയും അഭിനന്ദിച്ചു. മാസങ്ങള്‍ക്കുമുമ്പ് അധികാരമേല്‍ക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ മാറ്റിവെച്ച് യൂറോപ്പ് മുന്നോട്ടുവെച്ച കടുത്ത സാമ്പത്തിക അച്ചടക്ക നിര്‍ദേശങ്ങള്‍ക്ക് വഴങ്ങി ജനവിധി തേടേണ്ടിവന്ന സിപ്രാസിന് അഭിപ്രായസര്‍വേകള്‍ നേരിയ മുന്‍തൂക്കം പ്രവചിച്ചിരുന്നെങ്കിലും തുല്യ പ്രതീക്ഷയിലായിരുന്നു ഇരു വിഭാഗവും. ഈവര്‍ഷം രാജ്യം അഭിമുഖീകരിക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. ആറുവര്‍ഷത്തിനിടെ അഞ്ചാമത്തേതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.