തക്കാളിപ്പോര് ആഘോഷമാക്കി ഗൂഗ്ള്‍ ഡൂഡ്ല്‍

മാഡ്രിഡ്: ‘ലാ ടൊമാറ്റിന’ എന്നു കേട്ടിട്ടുണ്ടോ? എന്നാല്‍, ഇന്ന് ഗൂഗ്ള്‍ ഒന്ന് തുറന്നു നോക്കൂ. നിങ്ങള്‍ക്കു കാണാം പൊരിഞ്ഞ തക്കാളിയേറ്. സ്പെയിന്‍കാര്‍ ക്രിസ്മസ് പോലെയോ ന്യൂ ഇയര്‍ പോലെയോ ആഘോഷിച്ചു പോരുന്ന തക്കാളിപ്പോരിന് ആഗോള മാനം നല്‍കുകയായണ് ഗൂഗ്ള്‍ ഡൂഡിലിലൂടെ. സ്പെയിന്‍ തക്കാളിപ്പോരിന്‍റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഗൂഗ്ളിന്‍റെ ഈ കൈക്രിയ.

സ്പെയിന്‍കാര്‍ എല്ലാ വര്‍ഷവും ആഗസ്റ്റിലെ അവസാന ബുധനാഴ്ച നടത്തുന്ന ഈ  ആഘോഷം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷണപ്പോരായിട്ടാണ് കരുതിപ്പോരുന്നത്. 1945ല്‍ തുടക്കം കുറിച്ച ഈ ഉല്‍സവത്തിന്‍റെ ചരിത്രം രസകരമാണ്. കിഴക്കന്‍ സ്പെയിനിലെ നഗരത്തില്‍ നടന്ന വാര്‍ഷിക പരേഡിനിടെ ഒരു മനുഷ്യന്‍ തള്ളലില്‍പെട്ട് തെറിച്ചുപോയി. താഴെ വീണ അയാള്‍ ദേഷ്യം തീര്‍ക്കാന്‍ ആദ്യം ചെയ്തത് തൊട്ടടുത്തുണ്ടായിരുന്ന പച്ചക്കറിക്കടയില്‍ നിന്നും പച്ചക്കറികള്‍ എടുത്ത് കണ്ണില്‍ കണ്ടവരെയെല്ലാം എറിയുകയായിരുന്നു. പിന്നീട് എല്ലാ വര്‍ഷവും ആ ദിവസം വരുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഇത് വിനോദമായി ആഘോഷിക്കാന്‍ തുടങ്ങി. ആദ്യമാദ്യം ഏറിനുപയോഗിച്ചത് തക്കാളി മാത്രമായിരുന്നു. പിന്നെ സകല പച്ചക്കറികളും കൊണ്ട് ഏറായി. ഈ പോര് പിന്നീട് 1957ല്‍ സ്പെയിനിന്‍റെ ദേശീയ ഉല്‍സവമായി പ്രഖ്യാപിച്ചു. ഇതിനായി ലോഡു കണക്കിന് തക്കാളി അധികൃതര്‍ വാഹനങ്ങളില്‍ കൊണ്ടിറക്കാന്‍ തുടങ്ങി.

എന്നാല്‍, തോന്നിയപോലെയൊന്നും ഏറു നടക്കില്ല. അതിന് ചില നിയമാവലികള്‍ ഉണ്ട്. കുപ്പികളോ, ആളുകള്‍ക്ക് പരിക്കേല്‍ക്കുന്ന തരത്തിലുള്ള ഉപകരണങ്ങളോ കൊണ്ട് ഇക്കൂട്ടത്തില്‍ എറിയാന്‍ പാടില്ല. മറ്റുള്ളവരുടെ വസ്ത്രം കീറുകളോ പിടിച്ചു വലിക്കുകയോ ചെയ്യാന്‍ പാടില്ല. എറിയുന്നതിനു മുമ്പ് തക്കാളി നിര്‍ബന്ധമായും ഞെക്കിപ്പൊട്ടിച്ചിരിക്കണം തുടങ്ങിയവയാണ് അവ.
നേറ്റ് സ്വിന്‍മാര്‍ട്ട് എന്നയാളാണ് ഗൂഗ്ളിന്‍്റെ ‘ലാ ടൊമാറ്റിന’ ഡൂഡ്ല്‍ രൂപകല്‍പന ചെയ്തത്. ഇത് നേറ്റിന്‍്റെ പ്രഥമ ഡൂഡ്ല്‍ ഡിസൈന്‍ കൂടിയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.