രക്ഷാപദ്ധതിക്ക് ഗ്രീക് പാര്‍ലമെന്‍റിന്‍െറ അംഗീകാരം

ആതന്‍സ്: ഭരണകക്ഷിയിലെ കടുത്ത എതിര്‍പ്പ് മറികടന്ന് പുതിയ രക്ഷാ പദ്ധതിക്ക് ഗ്രീക് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. പ്രധാനമന്ത്രിക്കെതിരെ സ്വന്തം കക്ഷിയിലെ കൂടുതല്‍ അംഗങ്ങള്‍ രംഗത്തത്തെിയതോടെ രാജ്യത്ത് വിശ്വാസ വോട്ടെടുപ്പിനും സാധ്യതയേറി.
രാത്രി വൈകിയും തുടര്‍ന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ്, യൂറോപ്യന്‍ യൂനിയനും അന്താരാഷ്ട്ര നാണയനിധിയും ചേര്‍ന്ന് മുന്നോട്ടുവെച്ച മൂന്നാം കടാശ്വാസ പദ്ധതി അനായാസം പാര്‍ലമെന്‍റ് കടന്നത്. പ്രതിപക്ഷ അംഗങ്ങള്‍ കൂട്ടമായി പ്രധാനമന്ത്രി അലക്സിസ് സിപ്രാസിനൊപ്പം നിലയുറപ്പിച്ചപ്പോള്‍ ഭരണകക്ഷിയായ സിറിസയിലെ 43 അംഗങ്ങള്‍ എതിര്‍ത്തു. മുന്‍ ധനമന്ത്രി യാനിസ് വാരുഫാകിസ് ഉള്‍പ്പെടെ വിശ്വസ്തരൊക്കെയും കൂറുമാറിയതിനെ തുടര്‍ന്ന് സിപ്രാസിന്‍െറത് ന്യൂനപക്ഷ സര്‍ക്കാറായതോടെയാണ് വിശ്വാസവോട്ടെടുപ്പിന് സാധ്യത തുറന്നത്. 300 അംഗ പാര്‍ലമെന്‍റില്‍ ഭരണകക്ഷിയിലെ 120ല്‍ താഴെ അംഗങ്ങളാണ് അനുകൂലമായി വോട്ടുരേഖപ്പെടുത്തിയത്. ഗ്രീക് പാര്‍ലമെന്‍റിന്‍െറ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ യൂറോപ്യന്‍ യൂനിയന്‍െറ അനുമതിയും ഉടനുണ്ടാകുമെന്നാണ് സൂചന.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനുള്ള കടം ആഗസ്റ്റ് 20ന് അവധിയത്തെും മുമ്പേ 86 കോടിയുടെ രക്ഷാപദ്ധതിയിലെ ഒന്നാം ഗഡു അനുവദിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തുക ലഭ്യമാക്കാനായില്ളെങ്കില്‍ പുതിയ പ്രതിസന്ധിയിലേക്ക് രാജ്യം വീണ്ടും തള്ളപ്പെടും. ഇത് ഒഴിവാക്കാനാണ് തിരക്കിട്ട നീക്കം. തുക ലഭിക്കുന്നതോടെ വിശ്വാസവോട്ടെടുപ്പും പ്രഖ്യാപിക്കപ്പെട്ടേക്കും.
രക്ഷാപദ്ധതിയെ എതിര്‍ത്ത ഭരണകക്ഷി അംഗങ്ങളില്‍ ചിലരെങ്കിലും സിപ്രാസിനൊപ്പം നിലകൊള്ളുമെന്നാണ് സൂചന. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനായില്ളെങ്കില്‍ ഗ്രീസ് നേരത്തേ തെരഞ്ഞെടുപ്പിന് നിര്‍ബന്ധിതമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.