അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ബഗ്ദാദില്‍ കൂറ്റന്‍ റാലി

ബഗ്ദാദ്: അധികൃതരില്‍നിന്നുള്ള മുന്നറിയിപ്പ് വകവെക്കാതെ ഇറാഖി തലസ്ഥാനമായ ബഗ്ദാദിന്‍െറ ഹൃദയഭാഗത്ത് ആയിരക്കണക്കിനുപേര്‍ പ്രതിഷേധ റാലി നടത്തി. രാജ്യത്ത് പടര്‍ന്നുപിടിച്ച അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുന്നതിന് പരിഷ്കരണ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ടായിരുന്നു റാലി. കഴിഞ്ഞ വര്‍ഷം ഇതേ  ആവശ്യമുന്നയിച്ച് നിരവധി പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നെങ്കിലും പരിഷ്കരണം വാഗ്ദാനത്തില്‍ ഒതുങ്ങുകയായിരുന്നു.
ജനകീയനായ ശിയാ പുരോഹിതന്‍ മുഖ്തദ അല്‍സദര്‍ ആണ് പ്രതിഷേധറാലിക്ക് ആഹ്വാനംചെയ്തത്. തഹ്രീര്‍ സ്ക്വയറില്‍ നടന്ന റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തു.

അഴിമതിയുടെ കറപുരണ്ട ഉദ്യോഗസ്ഥരെ തല്‍സ്ഥാനങ്ങളില്‍നിന്ന് മാറ്റണമെന്നും സ്വജനപക്ഷപാതവും രാഷ്ട്രീയ പാര്‍ട്ടികളുടെ ക്വോട്ടകളും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബഗ്ദാദിലെ ഗ്രീന്‍ സോണിലും സുപ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദേശ എംബസികള്‍ക്കും മുമ്പാകെയും ഇദ്ദേഹം ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് നേരത്തേ നിരവധി റാലികള്‍  നടന്നിരുന്നു.

പരിഷ്കരണം ഉടന്‍ വേണമെന്നും അഴിമതിയും സ്വജനപക്ഷപാതവും വേണ്ടെന്നുമുള്ള പ്ളക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു പ്രതിഷേധം. റാലി കടന്നുപോകുന്ന വഴിയില്‍ കനത്ത പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും പലയിടങ്ങളിലും തടസ്സങ്ങള്‍ തീര്‍ക്കുകയും ചെയ്തിരുന്നു. ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നെങ്കിലും പിന്നീട് പുന$സ്ഥാപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.