ദക്ഷിണ ചൈനാ കടല്‍; പ്രതിഷേധവുമായി വിയറ്റ്നാം

ഹനോയ്: തര്‍ക്കമേഖലയായ ദക്ഷിണ ചൈനാ കടലില്‍ അടുത്തിടെ ചൈന നടത്തുന്ന ഇടപെടലിനെതിരെ പ്രതിഷേധവുമായി വിയറ്റ്നാം. തങ്ങളുടെ പരമാധികാരത്തെ ചൈന ചോദ്യംചെയ്യുകയാണെന്ന്  വിയറ്റ്നാം വിദേശകാര്യ വക്താവ് ലി ഹെ ബിന്‍ ആരോപിച്ചു.
ദക്ഷിണ ചൈനാ കടലില്‍ ചൈനയുടെ വലിയതോതിലുള്ള അവകാശവാദങ്ങള്‍ ചരിത്രപരമായി നിലനില്‍ക്കുന്നതല്ളെന്ന് യു.എന്‍ മധ്യസ്ഥ ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചതിനു പിന്നാലെയും ഈ കടലില്‍ മേധാവിത്വം ഉറപ്പിക്കുകയാണ് ചൈന. ദക്ഷിണ ചൈനാ കടലില്‍ ഫിലിപ്പീന്‍സിന്‍െറ അവകാശവാദങ്ങളാണ് ട്രൈബ്യൂണല്‍ അംഗീകരിച്ചത്. ചൈന പുതുതായി നിര്‍മിച്ച ചെറുവിമാനത്താവളങ്ങളില്‍ രണ്ട് സിവിലിയന്‍ വിമാനങ്ങള്‍ വിജയകരമായി ഇറക്കിയതും  നാല് ലൈറ്റ്ഹൗസുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതായും മറ്റൊന്ന് സ്ഥാപിച്ചുവരുകയാണെന്നും ചൈനയുടെ ഒൗദ്യോഗിക മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വിയറ്റ്നാമിന്‍െറ പ്രതിഷേധം പുറത്തുവന്നത്. ഹോങ് സ, ട്രു യോങ് സ എന്നീ ദ്വീപസമൂഹത്തിനുമേല്‍ തങ്ങള്‍ക്കുള്ള പരമാധികാരം ചൈന ലംഘിക്കുകയാണെന്ന് വിയറ്റ്നാം വ്യക്തമാക്കി. നിയമപരവും ചരിത്രപരവുമായി ഈ ദ്വീപുകള്‍ക്കുമേല്‍ വിയറ്റ്നാമിന്  പരമാധികാരം ഉണ്ടെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.