ധാക്ക ഭീകരാക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍

ധാക്ക: ഇന്ത്യക്കാരിയും മറ്റ് വിദേശികളുമടക്കം 22 പേര്‍ കൊല്ലപ്പെട്ട ധാക്ക ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായതായി പൊലീസ് ഐ.ജി എ.കെ.എം ശാഹിദുല്‍ ഹഖ് അറിയിച്ചു. എന്നാല്‍, ഇവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. പിടിയിലായ രണ്ടുപേരും അവശനിലയിലാണെന്നും അവരുടെ നില മെച്ചപ്പെട്ടശേഷമേ ചോദ്യം ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു.
ഒരാള്‍ ആശുപത്രയിലും മറ്റൊരാള്‍ കസ്റ്റഡിയിലുമാണ്്. സംഭവസ്ഥലത്തുനിന്ന് ഒരു തീവ്രവാദിയെ പിടികൂടിയതായി നേരത്തെ പ്രധാനമന്ത്രി ശൈഖ് ഹസീന അറിയിച്ചിരുന്നു. എന്നാല്‍, ഇതാരെന്ന് വെളിപ്പെടുത്തിയിട്ടില്ല. പിടിയിലായവര്‍ക്ക് അന്താരാഷ്ട്ര തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ശാഹിദുല്‍ ഹഖ്  സൂചന നല്‍കി.
വെള്ളിയാഴ്ച രാത്രിയാണ് സുരക്ഷാമേഖലയായ ധാക്കയിലെ ഗുല്‍ഷനിലുള്ള ഹൊലെ ആര്‍ട്ടിസാന്‍ ബേക്കറിയില്‍ ഭീകരര്‍ അതിക്രമിച്ചു കയറി അവിടെയുണ്ടായിരുന്നവരെ ബന്ദിയാക്കുകയും തുടര്‍ന്ന് 20പേരെ കൊലപ്പെടുത്തുകയും ചെയ്തത്. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാരും മരിച്ചിരുന്നു.
ഈ സംഭവത്തിന്‍െറ ഉത്തരവാദിത്തം അമഖ് വെബ്സൈറ്റ്വഴി ഐ.എസ് ഏറ്റെടുത്തിരുന്നു. ഓണ്‍ലൈന്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന അമേരിക്കന്‍ സംഘടനയായ സൈറ്റ് ആണ് അമഖ് വെബ്സൈറ്റിലെ വിവരം ആദ്യം പുറത്തു വിട്ടത്. കറുത്ത പതാകക്കു മുന്നില്‍ പോസ് ചെയ്ത നാലു ചെറുപ്പക്കാരുടെ ചിത്രവും ‘സൈറ്റ്’ പ്രസിദ്ധീകരിച്ചു.  സൈനിക ഓപ്പറേഷനില്‍ കൊലപ്പെടുത്തിയവരുടേതെന്ന പേരില്‍ പൊലീസ് പുറത്തുവിട്ട അഞ്ചു ഭീകരരുടെ ചിത്രങ്ങളില്‍ നാലുപേര്‍ക്ക് സൈറ്റില്‍ വന്ന ചിത്രങ്ങളുമായി സാമ്യമുണ്ടെന്ന് പറയുന്നു. ഈ നാലുപേരും സമ്പന്ന കുടുംബങ്ങളില്‍ ജനിച്ചവരും ധാക്കയിലും വിദേശത്തുമായി ഉന്നത വിദ്യാഭ്യാസം നേടിയവരുമാണന്ന് പൊലീസ് അറിയിച്ചു.
അഞ്ചാമത്തെയാള്‍ വടക്കുപടിഞ്ഞാറന്‍ ഗ്രാമമായ ബോഗ്ര സ്വദേശിയും ആക്രമണത്തിന് നേതൃത്വം നല്‍കിയയാളുമാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഖൈറുള്‍ എന്ന് വിളിക്കുന്ന ഇയാളെ കഴിഞ്ഞ ഏഴുമാസമായി മറ്റ് മൂന്ന് തീവ്രവാദ ആക്രമണങ്ങളുമായി ബന്ധപ്പെട്ട്  പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.  ഖൈറുളിന്‍െറ മാതാപിതാക്കളെ പോലീസ് നേരത്തെ ചോദ്യംചെയ്തിരുന്നുവെന്ന് ബംഗ്ളാദേശിലെ  പ്രചാരമേറെയുള്ള ‘ പ്രൊഥോം അലോ’ പത്രം റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരാളായ രോഹന്‍ ഇംതിയാസ് ഭരണകക്ഷിയായ അവാമി ലീഗ് നേതാവിന്‍െറ മകനാണെന്നും സ്വകാര്യ സര്‍വ്വകലാശാലയായ ‘ബ്രാക്’ വിദ്യാര്‍ഥിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇംതിയാസിന്‍െറ മാതാവ് ധാക്കയിലെ സമ്പന്നരുടെ മക്കള്‍ പഠിക്കുന്ന സ്കൊളാസ്റ്റിക സ്കൂള്‍ അധ്യാപികയുമാണ്.
ഡിസംബര്‍ മുതല്‍ ഇംതിയാസിനെ കാണാനില്ളെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊല്ലപ്പെട്ട ഭീകരരില്‍ മറ്റൊരാള്‍ മലേഷ്യന്‍ സര്‍വ്വകലാശാല വിദ്യാര്‍ഥിയാണ്.

20 മിനിറ്റ്; 20 കൊല
ധാക്ക: ഗുല്‍ഷനിലെ ഹോലെ ആര്‍ട്ടിസാന്‍ ബേക്കറിയില്‍ ഭീകരര്‍ ബന്ദികളാക്കിയ 20 പേരെയും 20 മിനിറ്റിനകമാണ് കൊലപ്പെടുത്തിയതെന്ന് ഐ.ജി എ.കെ.എം ശാഹിദുല്‍ ഹഖ് പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാനുള്ള കമാന്‍ഡോ ഓപ്പറേഷന്‍ വളരെ വൈകിയാണ് നടത്തിയതെന്ന മാധ്യമങ്ങളുടെ ആരോപണം അദ്ദേഹം നിഷേധിച്ചു.
സംഭവം തുടങ്ങി 12 മണിക്കൂറിനകം തങ്ങള്‍ ഓപ്പറേഷന്‍ അവസാനിപ്പിച്ചു. കെനിയയില്‍ അടുത്തിടെ സമാന രീതിയിലുണ്ടായ ഭീകരാക്രമണം അവസാനിപ്പിക്കാന്‍ നാലുദിവസമെടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബന്ദികളെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇരകള്‍ക്ക് ആദരാഞ്ജലി
ധാക്ക:  ഭീകരാക്രമണത്തിന്‍െറ നടുക്കം വിട്ടുമാറാത്ത അന്തരീക്ഷത്തില്‍, കൊല്ലപ്പെട്ടവര്‍ക്കായി രാജ്യം ആദരാഞ്ജലിയര്‍പ്പിച്ചു. ധാക്കയിലെ ബംഗ്ളാദേശ് സൈനിക സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശൈഖ് ഹസീന രണ്ട് ബംഗ്ളാദേശികളുടെയും ബംഗ്ളാദേശില്‍ ജനിച്ച അമേരിക്കന്‍ പൗരന്‍െറയും മൃതദേഹങ്ങളില്‍  റീത്ത് സമര്‍പ്പിച്ചു.
ഉയര്‍ന്ന പീഠത്തില്‍ കിടത്തിയ മൃതദേഹങ്ങള്‍ക്കൊപ്പം ഇന്ത്യ, ജപ്പാന്‍, ഇറ്റലി, ബംഗ്ളാദേശ്, അമേരിക്ക എന്നീ രാജ്യങ്ങളിലെ കൊല്ലപ്പെട്ട പൗരന്‍മാരുടെ സ്മരണയില്‍  ഈ രാജ്യങ്ങളിലെ ദേശീയപതാകകളും സ്ഥാപിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമടക്കം വന്‍ ജനാവലിയാണ് ചടങ്ങിനത്തെിയത്. കൊല്ലപ്പെട്ടവരില്‍ ഒമ്പത് ഇറ്റലിക്കാരും ഏഴ് ജപ്പാന്‍കാരും അമേരിക്കന്‍ പൗരനായ ബംഗ്ളാദേശിയും, 18കാരിയായ ഇന്ത്യക്കാരി താരിഷി ജെയിനുമടക്കം 20 വിദേശികളാണുള്‍പ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.