ജപ്പാന്‍ രാജാവ് സ്ഥാനമൊഴിയുമെന്ന് സൂചന

ടോക്യോ: ആരോഗ്യവും പ്രായവും ഉത്തരവാദിത്തങ്ങളില്‍ തുടരുന്നതിന് തടസ്സമാകുന്നതായി ജപ്പാന്‍ രാജാവ് അകിഹിതോ. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് സൂചന നല്‍കി 82കാരനായ രാജാവ് സംസാരിച്ചത്.

ഭരണഘടനയനുസരിച്ച് രാജാവിന്‍െറ ചുമതലകള്‍ കൃത്യമായി നടക്കണമെന്നാണ് ആഗ്രഹമെന്നും രാജ്യത്തിന്‍െറ ചിഹ്നമെന്ന നിലയില്‍ സ്ഥാനം നിലനില്‍ക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തില്‍ സ്ഥാനമൊഴിയുന്നതായി തുറന്നു പറഞ്ഞിട്ടില്ല. രാജാവിന്‍െറ പരാമര്‍ശം പരിഗണിക്കുമെന്നും ആവശ്യമായത് ചെയ്യുമെന്നും പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രതികരിച്ചു.

10 മിനിറ്റ് ദൈര്‍ഘ്യമുള്ള നേരത്തെ റെക്കോഡ് ചെയ്ത വിഡിയോ സന്ദേശത്തിലൂടെയാണ് രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തത്. ജപ്പാന്‍ ജനത വളരെ ആകാംക്ഷയോടെയാണ് സംസാരം ശ്രവിച്ചത്. രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ച് മരണം വരെ രാജാവിന് പദവിയില്‍ തുടരാം. ഈ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഭരണത്തിലിരിക്കുന്ന വലതുപക്ഷ ദേശീയവാദികളുടെ പാര്‍ട്ടിക്ക് താല്‍പര്യവുമില്ല. അകിഹിതോ മരണത്തിനുമുമ്പ് സ്ഥാനമൊഴിഞ്ഞാല്‍ 1817ശേഷം ആദ്യമായാണ് ജപ്പാനില്‍ ഒരു രാജാവ് സ്ഥാനത്യാഗം നടത്തുന്നത്. 1817ല്‍ കൊകാവ് രാജാവാണ് അവസാനമായി സ്ഥാനം സ്വയം ഉപേക്ഷിച്ചത്. പിന്നീട് വന്നവരെല്ലാം മരണം വരെ രാജപദവിയില്‍ തുടര്‍ന്നവരാണ്.

1989ല്‍ പിതാവ് ഹിരോഹിതോയുടെ മരണത്തെ തുടര്‍ന്നാണ് അകിഹിതോ രാജചുമതലകളിലേക്കത്തെുന്നത്. ഹൃദയശാസ്ത്രക്രിയക്ക് വിധേയനാവുകയും അര്‍ബുദബാധിതനുമായ അകിഹിതോയുടെ ആരോഗ്യം ക്ഷയിച്ചിട്ടുണ്ട്. മൂത്ത മകന്‍ 56കാരനായ നരുഹിതോ രാജകുമാരനാണ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുക എന്നാണ് കരുതുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.