നേപ്പാള്‍ മതേതര രാജ്യമായി തുടരും

കാഠ്മണ്ഡു: നേപ്പാള്‍ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം ഭരണഘടനാ അസംബ്ളി തള്ളി. ഇതോടെ ഹിന്ദു ഭൂരിപക്ഷ രാജ്യം മതേതരമായി തുടരും. ഹിന്ദു അനുകൂല നാഷനല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയാണ് നിര്‍ദേശം അസംബ്ളിക്ക് മുമ്പാകെ വെച്ചത്. എന്നാല്‍, സഭയിലെ മൂന്നില്‍ രണ്ട് അംഗങ്ങളും നിര്‍ദേശത്തോട് യോജിച്ചില്ല. അസംബ്ളി ചെയര്‍മാന്‍ സുഭാഷ്ചന്ദ്ര നെംബങ്കാണ് നിര്‍ദേശം നിരസിച്ചതായി പ്രഖ്യാപിച്ചത്.
തീരുമാനം പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ പ്രതിഷേധവുമായി ചിലര്‍ രംഗത്തത്തെി.
ഭരണഘടനാ അസംബ്ളി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ച ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണത്തില്‍ ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് കേടുപറ്റി. ഹിന്ദു രാജ്യമായിരുന്ന നേപ്പാള്‍ 2006ല്‍ പീപ്ള്‍സ് മൂവ്മെന്‍റ് അധികാരമേറ്റ ശേഷമാണ് മതേതര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത്. നേപ്പാള്‍ ഭരണഘടനാ നിര്‍മാണത്തിന്‍െറ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കയാണ്.
ഏഴ് പ്രവശ്യകളായി തിരിക്കുന്ന നിര്‍ദേശത്തിനെതിരെ രാജ്യത്ത് തുടരുന്ന പ്രക്ഷോഭത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.