ബെയ്ജിങ്: ആധുനികവത്കരണത്തിന്‍െറ ഭാഗമായി മൂന്നു ലക്ഷത്തോളം സൈനികരെ വെട്ടിക്കുറക്കുമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍െറ പ്രഖ്യാപനം.
രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാനെതിരെ നേടിയ വിജയത്തിന്‍െറ സ്മരണ പുതുക്കി ടിയാനന്‍മെന്‍ ചത്വരത്തില്‍ നടന്ന പടുകൂറ്റന്‍ സൈനിക പരേഡിനിടെയാണ് അംഗസംഖ്യ കുറച്ച് സൈന്യത്തെ പുതുമോടിയണിക്കുമെന്ന് ഷി പറഞ്ഞത്. അതീവ പ്രഹരശേഷിയുള്ള അത്യാധുനിക ആയുധങ്ങളും 12,000 സൈനികരും അണിനിരന്ന പരേഡ് ചൈനയുടെ സൈനികശേഷി പുറംലോകത്തിന് പരിചയപ്പെടുത്തുന്ന പ്രകടനങ്ങള്‍കൊണ്ട് സമൃദ്ധമായി.
പുതിയ സംഭവവികാസങ്ങള്‍ എന്തൊക്കെയായാലും ലോകത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുക ചൈനയുടെ ലക്ഷ്യമല്ളെന്നും മുമ്പ് തങ്ങളനുഭവിച്ച ഭീകരതകള്‍ മറ്റു രാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുകയില്ളെന്നും ഷി പറഞ്ഞു. സമ്പദ്വ്യവസ്ഥ വന്‍ തകര്‍ച്ചയെ നേരിട്ട ദിനങ്ങള്‍ പിന്നിടുംമുമ്പ് നടന്ന വന്‍ ശക്തിപ്രകടനം സവിശേഷ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.
2012ല്‍ ഷി അധികാരമേറ്റശേഷം ആദ്യമായി നടന്ന കൂറ്റന്‍ പരേഡില്‍ പാശ്ചാത്യ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളുടെ അഭാവവും ശ്രദ്ധിക്കപ്പെട്ടു. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് ഗ്യൂന്‍ ഹൈ പാര്‍ക് തുടങ്ങിയവര്‍ പങ്കെടുത്തു.
ആയിരക്കണക്കിന് സൈനികര്‍ക്ക് പുറമെ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍, ടാങ്കുകള്‍, ഡ്രോണുകള്‍, മറ്റു സൈനികോപകരണങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചു. 200ഓളം യുദ്ധവിമാനങ്ങള്‍ പങ്കെടുത്ത ആകാശക്കാഴ്ചകളും ഒരുക്കി.
യുദ്ധാവസാനത്തിന്‍െറ 70ാം വാര്‍ഷികമായതിനാല്‍ 70,000 പ്രാവുകളെയും ബലൂണുകളും ആകാശത്തേക്ക് പറത്തിവിട്ടു. ചൈനക്കു പുറമെ റഷ്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള സൈനികരും പങ്കെടുത്തു. ബെയ്ജിങ്ങിന്‍െറ ആകാശത്ത് ആഘോഷം കൊഴുപ്പിക്കാന്‍ വ്യാഴാഴ്ച തലസ്ഥാന നഗരത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ ഫാക്ടറികള്‍ക്കും നിര്‍ബന്ധിത അവധി നല്‍കിയിരുന്നു. നിലവില്‍ 23 ലക്ഷം സൈനികരാണ് ചൈനക്കുള്ളത്. ഇതാണ് 20 ലക്ഷമാക്കി ചുരുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.