പ്യോങ്യാങ്: സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുന്നതിനിടെ ദക്ഷിണ^ഉത്തരകൊറിയകള്‍ തമ്മില്‍ അതിര്‍ത്തിയില്‍ ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന യുദ്ധാന്തരീക്ഷം ലഘൂകരിക്കുകയാണ് ചര്‍ച്ചയുടെ ഉദ്ദേശ്യം. അതിര്‍ത്തിയില്‍ ദക്ഷിണകൊറിയ നടത്തുന്ന ഉച്ചഭാഷിണി പ്രചാരണം അവസാനിപ്പിക്കണമെന്ന ഉത്തര കൊറിയയുടെ അന്ത്യശാസനം ശനിയാഴ്ച വൈകീട്ട് അവസാനിക്കാനിരിക്കെയാണ് ചര്‍ച്ച നടത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്.
വൈകീട്ട് ആറുമണിക്ക് ദക്ഷിണകൊറിയന്‍ അതിര്‍ത്തി പട്ടണമായ പാന്‍മുന്‍ജോനിലാണ് ചര്‍ച്ച നടക്കുകയെന്ന് വാര്‍ത്താ ഏജന്‍ജി യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ കൊറിയയെ പ്രതിനിധീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കിം ക്വാന്‍ ജിന്‍, ഏകീകരണ മന്ത്രി ഹോങ് യോന്‍ പ്യോ എന്നിവരും ഉത്തരകൊറിയയില്‍ നിന്ന് രാഷ്ട്രീയ വകുപ്പിന്‍െറ ഡയറക്ടര്‍ ജനറല്‍ ഹ്വാങ് പ്യോങ് സോയും ചര്‍ച്ചയില്‍ പങ്കെടുക്കും.
ഉച്ചഭാഷിണി പ്രചാരണം അവസാനിപ്പിക്കണമെന്ന ഉത്തരകൊറിയയുടെ അന്ത്യശാസനം ദക്ഷിണകൊറിയ തള്ളിയിരുന്നു. ഉത്തര കൊറിയ നടത്തുന്ന പ്രകോപനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി അറിയിച്ചു. അതിര്‍ത്തിയില്‍ ഉത്തരകൊറിയക്കെതിരെ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അന്ത്യശാസനത്തിന്‍െറ സമയം അവസാനിച്ചാല്‍ യുദ്ധം പ്രഖ്യാപിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കഴിഞ്ഞദിവസം, ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ ഷെല്ലാക്രമണമാണ് നടത്തിയത്. നേരിട്ടുള്ള യുദ്ധം സമീപകാലങ്ങളില്‍ ഉണ്ടായിട്ടില്ലെങ്കിലും 1953 മുതല്‍ ഇരുകൊറിയകളും തമ്മില്‍ സാങ്കതേികമായി യുദ്ധത്തില്‍തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.