ബഗ്ദാദില്‍ ഐ.എസ് ആക്രമണത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ഇറാഖ് തലസ്ഥാനത്തെ പ്രശസ്ത ഭക്ഷ്യ മാര്‍ക്കറ്റില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ 58 പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശിയാ ഭൂരിപക്ഷപ്രദേശമായ സദര്‍ സിറ്റിയിലെ ജമീല മാര്‍ക്കറ്റിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ സ്ഫോടനമുണ്ടായത്. മരണനിരക്ക് ഉയരുമെന്നാണ് അറിയുന്നത്.
സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ട്വിറ്ററിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ ഐ.എസ് വ്യക്തമാക്കി. ശിയാ സായുധസംഘമായ മെഹ്ദി സേനയെയും ഐ.എസിനെതിരെ പോരാടുന്ന പോപുലര്‍ മൊബലൈസേഷനെയുമാണ് തങ്ങള്‍ ലക്ഷ്യമാക്കിയതെന്ന് പ്രസ്താവന പറയുന്നു. 2006-2007ലെ വംശീയ സംഘര്‍ഷങ്ങള്‍ക്കുശേഷം ബഗ്ദാദില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ആക്രമണമാണിത്.
സ്ഫോടനം മാര്‍ക്കറ്റിനെ ചാരകുണ്ഡമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പച്ചക്കറികളും പഴവര്‍ഗങ്ങളും തെരുവുകളില്‍ ചിതറിക്കിടക്കുകയാണ്. ആഴ്ചച്ചന്തയിലേക്ക് ദൂരദിക്കില്‍നിന്നുവരെ ആളുകള്‍ എത്തിയിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. റെഫ്രിജറേറ്റര്‍ കയറ്റിവന്ന ട്രക്കാണ് പൊട്ടിത്തെറിച്ചതെന്ന് അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ ചെക്പോയന്‍റുകളില്‍ പരിശോധന കര്‍ശനമാക്കാത്തതാണ് സ്ഫോടനങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
നിലവിലെ പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി അധികാരത്തിലത്തെിയശേഷം തലസ്ഥാനത്ത് നടക്കുന്ന ഏറ്റവും ശക്തമായ സ്ഫോടനമാണ് വ്യാഴാഴ്ചത്തേത്. കഴിഞ്ഞ മാസങ്ങളില്‍ ഇറാഖില്‍ ഐ.എസ് ആക്രമണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ദിയാലയില്‍ നടന്ന സ്ഫോടനത്തില്‍ 115ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.