ടിയാന്‍ജിന്‍: വടക്കന്‍ ചൈനയിലെ ടിയാന്‍ജിന്‍ തുറമുഖത്തെ വെയര്‍ഹൗസിലുണ്ടായ സ്ഫോടന പരമ്പരയില്‍ 50 പേര്‍ മരിച്ചു. 700ലധികം പേര്‍ക്ക് പരിക്കുപറ്റി. മരിച്ചവരില്‍ 12 അഗ്നിശമന സേനാംഗങ്ങളും ഉള്‍പ്പെടുന്നു. സ്ഫോടനത്തില്‍ പരിക്കേറ്റ 32 പേരുടെ നില ഗുരുതരമെന്ന് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ സ്ഥിരീകരിച്ചു. 21 അഗ്നിശമന സേനാംഗങ്ങളെ കാണാതായിട്ടുണ്ട്. ബെയ്ജിങ്ങില്‍ നിന്നും 140 കിലോമീറ്റര്‍ അകലെയുള്ള പട്ടണമാണ് ടിയാന്‍ജിന്‍.


സ്ഫോടനകവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നര്‍ ബുധനാഴ്ച പ്രാദേശിക സമയം രാത്രി 11.30ന് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദേശീയ ചാനലായ സി.സി ടി.വി റിപ്പോര്‍ട്ട് ചെയ്തു. വ്യവസായ മേഖലയിലാണ് സ്ഫോടനങ്ങള്‍ നടന്നിട്ടുള്ളത്. വളരെ കുറഞ്ഞ അപ്പാര്‍ട്മെന്‍റ് കെട്ടിടങ്ങള്‍ മാത്രമേ സമീപ പ്രദേശങ്ങളിലുണ്ടായിരുന്നുള്ളൂ. നിരവധി കയറ്റുമതി കമ്പനികളുടെ കെട്ടിടങ്ങളും വസ്തുക്കളും കത്തിക്കരിഞ്ഞിട്ടുണ്ട്. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന 1000ത്തിലധികം കാറുകള്‍ കത്തിക്കരിഞ്ഞതായി ബെയ്ജിങ് ന്യൂസ് പറഞ്ഞു. കിലോമീറ്ററുകള്‍ അകലെയുള്ള കെട്ടിടങ്ങളിലെ വാതിലുകള്‍ക്കും ജനലുകള്‍ക്കും കേടുപാട് സംഭവിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. 100 മീറ്റര്‍ ഉയരത്തില്‍ അഗ്നിഗോളം കണ്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തെ തുടര്‍ന്ന് തുറമുഖം താല്‍ക്കാലികമായി അടച്ചു.

ഏതു രാസവസ്തുവാണ് സ്ഫോടനത്തിന് കാരണമായതെന്ന് വ്യക്തമല്ളെങ്കിലും തിരിച്ചറിയാനാവാത്ത മഞ്ഞ പത ഒഴുകുന്നതായി ബെയ്ജിങ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അപകടകരമായ വസ്തുക്കള്‍ കയറ്റുമതിചെയ്യുന്ന റുയ്ഹയ് ലോജിസ്റ്റിക്സിന്‍െറ കണ്ടെയ്നറാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തിന് ഉത്തരവാദികളായവര്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് ആവശ്യപ്പെട്ടു.

പ്രദേശവാസികള്‍ കിട്ടിയ സാധനങ്ങളുമെടുത്ത് നാടുവിടാനുള്ള ഒരുക്കത്തിലാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. 10,000ലധികം പേര്‍ മറ്റു പ്രദേശങ്ങളിലേക്ക് പാലായനം ചെയ്തീട്ടുണ്ട്. തെരുവുകളെല്ലാം അവശിഷ്ടങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പൊടിപടലം നിറഞ്ഞ അന്തരീക്ഷത്തില്‍ തങ്ങളുടെ ശ്വസനത്തിലൂടെ മാരക വാതകങ്ങള്‍ ശരീരത്തിലത്തെുമോ എന്ന ആശങ്കയിലാണ് ജനങ്ങളെന്ന് അല്‍ജസീറയുടെ അദ്രിയാന്‍ ബ്രൗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യ സ്ഫോടനത്തിനുശേഷം വീണ്ടും സ്ഫോടനങ്ങളുണ്ടായതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അര്‍ധരാത്രിക്ക് മുമ്പ് മൂന്നു ടണ്‍ ടി.എന്‍.ടി സമാങ്കവും 20 ടണ്‍ ടി.എന്‍.ടി സമാങ്കവും ശക്തിയുള്ള രണ്ടു സ്ഫോടനങ്ങള്‍ ഉണ്ടായതായി ദേശീയ ഭൂചലന ബ്യൂറോ പറഞ്ഞു. ബെയ്ജിങ്ങിലെ യു.എസ് ജിയോളിജിക്കല്‍ സര്‍വേയുടെ നിരീക്ഷണ കേന്ദ്രത്തില്‍ ഭൂകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്.
ജൂലൈയില്‍ വടക്കന്‍ ഹെബെയ് പ്രവിശ്യയില്‍ വെയര്‍ഹൗസില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 15 പേര്‍ മരിച്ചിരുന്നു. ചൈനയില്‍ വ്യവസായകേന്ദ്രങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടങ്ങള്‍ തുടരാന്‍ കാരണമെന്ന് ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.