പാകിസ്താനെ പിടിച്ചുലച്ച് വന്‍ ബാല പീഡനാപവാദം

ലാഹോര്‍(പാകിസ്താന്‍): മുന്നൂറോളം കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുകയും പീഡനദൃശ്യങ്ങളുടെ വീഡിയോ നിര്‍മിച്ച് വില്‍ക്കുകയും ചെയ്യുന്ന സംഘം പാകിസ്താനില്‍ അറസ്റ്റിലായി. 15 അംഗ സംഘത്തിലെ ഏഴുപേരാണ് അറസ്റ്റിലായത്. ലാഹോറില്‍ നിന്ന് 55 കിലോമീറ്റര്‍ര്‍ അകലെ ഹുസൈന്‍ കാന്‍ വാലാ ഗ്രാമത്തിലാണ് സംഭവം. സംഘത്തെക്കുറിച്ചുള്ള അന്വേഷണം പാകിസ്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

പഞ്ചാബ് പ്രവിശ്യയില്‍ 14 വയസിന് താഴെയുള്ള 280 കുട്ടികളാണ് പീഡനത്തിനിരയായത്. കുട്ടികളെ പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇതുകാണിച്ച് ഭീഷണിപ്പെടുത്തി കുട്ടികളില്‍ നിന്നും ഇവരുടെ മാതാപിതാക്കളില്‍ നിന്നും പണം തട്ടുകയുമാണ് സംഘം ചെയ്യുന്നത്.  
ഇരകള്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പ്രതികള്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ല. രാഷ്ട്രീയനേതാക്കള്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച്  പ്രദേശവാസികള്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികള്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്. സംഘര്‍ഷത്തില്‍  പൊലീസ് ഓഫിസര്‍മാരടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.

കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയാണ് സംഘം പീഡിപ്പിച്ചിരുന്നതെന്നും ഇവരില്‍  ആറ് വയസുകാര്‍ വരെ ഉള്‍പ്പെടുന്നുവെന്നും 'ദ നേഷന്‍' ഇംഗ്ളീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘത്തിന്‍െറ കൈവശം ഇത്തരത്തില്‍ പകര്‍ത്തിയ നൂറുക്കണക്കിന് വീഡിയോ ദൃശ്യങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയെ തുടര്‍ന്ന് പീഡനത്തിനിരയായ കുട്ടികളില്‍ ചിലര്‍ ആഭരണങ്ങളും പണവും മോഷ്ടിച്ച് സംഘാംഗങ്ങള്‍ക്ക് നല്‍കാറുണ്ട്.

എന്നാല്‍ വെറും 30 വീഡിയോ ദൃശ്യങ്ങള്‍ മാത്രമാണ് സംഘത്തിന്‍െറ പക്കലുള്ളത് എന്നാണ് പൊലീസ് പറയുന്നത്. പ്രവിശ്യ പൊലീസ് ഓഫിസര്‍മാര്‍ കുറ്റകൃത്യത്തിന്‍െറ ഗൗരവം കുറച്ചുകാണുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

2007ല്‍ സ്കൂള്‍ വിദ്യാര്‍ഥികളായിരുന്ന കാലം മുതല്‍ തന്നെ സംഘം കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിരുന്നതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
പുതിയ സംഭവവികാസങ്ങള്‍ രാജ്യത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ നിയമപരമായി എന്തു നടപടി സ്വീകരിക്കുമെന്ന് മനുഷ്യവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഉറ്റുനോക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.