സൗദിയില്‍ വീണ്ടും ചാവേറാക്രമണം: 12 സൈനികരടക്കം 15 മരണം

ജിദ്ദ: ദക്ഷിണസൗദിയില്‍ അസീര്‍ പ്രവിശ്യയിലെ പ്രധാന നഗരമായ അബഹയില്‍ സൈനിക പരിശീലന കേന്ദ്രത്തിനകത്തെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 15 പേര്‍ മരിച്ചു. ഒമ്പതു പേര്‍ക്കു പരിക്കേറ്റു. 13 പേര്‍ സംഭവസ്ഥലത്തും പരിക്കേറ്റ രണ്ടു പേര്‍ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്. ചികിത്സയിലുള്ള ഏഴു സൈനികരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച മധ്യാഹ്ന നമസ്കാരത്തിനിടെ യമനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ സൗദിയിലെ അബഹക്കടുത്ത മഹാലയിലാണ് സംഭവം.


സുരക്ഷാസേനയിലെ പ്രത്യേക എമര്‍ജന്‍സി വിഭാഗത്തിന്‍െറ പരിശീലനകേന്ദ്രത്തിലെ പള്ളിക്കകത്ത് നമസ്കാരത്തിനിടെയായിരുന്നു സ്ഫോടനമെന്നും 12 സൈനികരും മൂന്ന് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടതെന്നും ആഭ്യന്തര വകുപ്പിലെ സുരക്ഷാവക്താവ് ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി അറിയിച്ചു. സംഭവസ്ഥലത്തു നിന്ന് സ്ഫോടകവസ്തു നിറച്ചതെന്നു കരുതുന്ന ബെല്‍റ്റിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും വക്താവ് പറഞ്ഞു. നമസ്കാരത്തിനായി സ്വദേശിയെന്നു കരുതുന്ന ഒരു തൊഴിലാളി പള്ളിയില്‍ കയറിയ ശേഷമായിരുന്നു സ്ഫോടനമെന്നും സൈനികകേന്ദ്രത്തില്‍ പരിശീലനം നേടിവരുന്ന ട്രെയിനികളാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായി ‘അല്‍ജസീറ’ റിപ്പോര്‍ട്ട് ചെയ്തു.  

അസീര്‍ ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ അബ്ദുല്‍അസീസ് സംഭവസ്ഥലത്ത് കുതിച്ചത്തെി സ്ഥിതിഗതികള്‍ വിലയിരുത്തി. പരിക്കേറ്റ് അബഹയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരെയും അദ്ദേഹം സന്ദര്‍ശിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച ഗവര്‍ണര്‍ രാജ്യത്തെ ക്രമസമാധാനനില താറുമാറാക്കാനും ജനങ്ങള്‍ക്കിടയില്‍ ഭീതി വിതക്കാനുമുള്ള ഭീരുക്കളുടെ ഭീകരപ്രവര്‍ത്തനമാണിതെന്ന് കുറ്റപ്പെടുത്തി. മുസ്ലിം വേള്‍ഡ് ലീഗും ജി.സി.സി സെക്രട്ടേറിയറ്റും സംഭവത്തെ അപലപിച്ചു. അതിനിടെ റിയാദിലെ സൈനികകേന്ദ്രത്തിനു നേരെ ആക്രമണ ശ്രമമുണ്ടായെന്ന വാര്‍ത്ത സുരക്ഷാവകുപ്പ് നിഷേധിച്ചു.

ഇക്കഴിഞ്ഞ മേയില്‍ കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലും ദമ്മാമിലും രണ്ട് ശിയാപള്ളികളിലുണ്ടായ സ്ഫോടനങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് രാജ്യവ്യാപകമായി നടത്തിയ ഭീകരവേട്ടയില്‍ 431 പേരെ പിടികൂടിയതായി കഴിഞ്ഞ ജൂലൈ 18ന് ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. വിവിധ ഭാഗങ്ങളിലായി നടന്ന ഓപറേഷനുകളില്‍ ആറു ഭീകരന്മാരും സൈനികരും സിവിലിയന്മാരുമടക്കം 37 പേരും കൊല്ലപ്പെട്ടതായി അറിയിച്ച സുരക്ഷാവകുപ്പ് വമ്പിച്ച ആക്രമണപദ്ധതി തകര്‍ത്തതായി അവകാശപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.