പിഞ്ചുകുഞ്ഞിന്‍െറ കൊല: അന്താരാഷ്ട്ര കോടതിയെ സമീപിക്കും -ഫലസ്തീന്‍

റാമല്ല: ലോകത്തെ ഞെട്ടിച്ച പിഞ്ചുകുഞ്ഞിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ഫലസ്തീന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിലെ ദുമാ ഗ്രാമത്തില്‍ 18 മാസം പ്രായമുള്ള കുഞ്ഞാണ് ഇസ്രായേല്‍ കുടിയേറ്റക്കാര്‍ വീടിന് തീയിട്ടതിനെ തുടര്‍ന്ന് വെന്തുമരിച്ചത്. ഈ സംഭവത്തെ തുടര്‍ന്ന് ഇസ്രായേല്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി ഫലസ്തീന്‍ സര്‍ക്കാറും വിവിധ സംഘടനകളും രംഗത്തുവന്നു.

അക്രമത്തിന്‍െറ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേല്‍ സര്‍ക്കാറിനാണെന്നും അക്രമത്തിനെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) വ്യക്തമാക്കി. ഫലസ്തീനു നേരെയുള്ള ഇസ്രായേല്‍ ആക്രമണം ഒറ്റപ്പെട്ടതല്ളെന്നും ഭീകരവാദത്തിനെതിരെ ശക്തമായി പോരാടുമെന്നും വ്യക്തമാക്കിയ ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് വിദേശമന്ത്രിയോട് വിഷയത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കേസ് ഫയല്‍ചെയ്യാനും ആവശ്യപ്പെട്ടു. നീതിയാണ് ഞങ്ങള്‍ക്ക് വേണ്ടത്. പക്ഷേ, ഇസ്രായേല്‍ അത് അംഗീകരിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും അബ്ബാസ് പറഞ്ഞു.

കൊലപാതകത്തിനെതിരെ ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുവന്നു. ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. ഇസ്രായേല്‍ ആക്രമണത്തെ അങ്ങേയറ്റം ക്രൂരമായ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച യു.എസ് വിദേശകാര്യ വകുപ്പ് സംഘര്‍ഷം ഒഴിവാക്കാന്‍ ഇരുപക്ഷത്തോടും ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ രക്ഷിതാക്കളും നാലുവയസ്സുകാരന്‍ സഹോദരനും ഇസ്രായേല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം കുഞ്ഞിന്‍െറ ഖബറടക്കത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

അതേസമയം, ഇന്നലെ വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യവുമായുള്ള സംഘര്‍ഷത്തിനിടയില്‍ ഫലസ്തീനിയായ ആണ്‍കുട്ടി കൊല്ലപ്പെട്ടു. 14 വയസ്സുകാരനായ ലൈത് ഖാലിദിയാണ് കൊല്ലപ്പെട്ടത്. അതാര ചെക്പോയന്‍റില്‍ കഴിഞ്ഞദിവസം വൈകീട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ലൈത് മണിക്കൂറുകള്‍ക്കു ശേഷം ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.