വീല്‍ചെയറിലിരുന്ന കറുത്തവര്‍ഗക്കാരനെ യു.എസ് പൊലീസ് വെടിവെച്ച് കൊന്നു

വാഷിങ്ടണ്‍: വീല്‍ചെയറിലിരുന്ന കറുത്ത വര്‍ഗക്കാരനെ യു.എസ് പൊലീസ് വെടിവെച്ച് കൊന്നു. യു.എസിലെ ഡെലാവെറിലാണ് സംഭവം. പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ കൈ ഉയര്‍ത്താത്തതിനാലാണ് 28കാരനായ ജെറമി മക്ഡോളിനെ പൊലീസ് വെടിവെച്ചത്. പൊലീസിന്‍െറ വെടിയേറ്റ് യുവാവ് ചെയറില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ആറ് തവണയാണ് പൊലീസ് മക്ഡോളിന് നേരെ വെടിയുതിര്‍ത്തത്.

എന്നാല്‍ മക്ഡോള്‍ തന്‍െറ അരയിലുള്ള തോക്ക് പുറത്തെടുക്കുമ്പോള്‍ അത് സ്വയം പൊട്ടുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. കൈയില്‍ തോക്കുമായി നിന്ന് അക്രമാസക്തനായി ഒരാള്‍ നില്‍ക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയത്. അവിടെ എത്തിയപ്പോള്‍ ഇയാളുടെ കൈയില്‍ തോക്കുണ്ടായിരുന്നു എന്നും വില്‍മിങ്ടണ്‍ പൊലീസ് മേധാവി ബോബി കമ്മിങ്സ് പറഞ്ഞു. ഇയാള്‍ മരണപ്പെട്ടതില്‍ അന്വേഷണം നടക്കുന്നതായും പൊലിസ് അറിയിച്ചു.

അതേസമയം സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് മക്ഡോളിന്‍െറ ബന്ധുക്കള്‍ ആരോപിച്ചു. ആയുധമല്ല ലാപ്ടോപ്പാണ് കൈയിലുണ്ടായിരുന്നതെന്ന് മക്ഡോളിന്‍െറ അമ്മ പറഞ്ഞു. വെടിവെപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് വരെ താന്‍ മക്ഡോളിന്‍െറ അടുത്തുണ്ടായിരുന്നു എന്നും കൈയില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മക്ഡോളിന്‍െറ അമ്മാവന്‍ യൂജിന്‍ സ്മിത്തും അറിയിച്ചു.

പിന്നില്‍ വെടിയേറ്റതിനെ തുടര്‍ന്ന് 18ാം വയസ്സില്‍ ശരീരം തളര്‍ന്നതിനാലാണ് മക്ഡോളിന് വീല്‍ ചെയര്‍ ഉപയോഗിക്കേണ്ടി വന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.