സിറിയയില്‍ വിമതസേനയെ ശാക്തീകരിക്കാന്‍ അമേരിക്ക

വാഷിങ്ടണ്‍: പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ കീഴിലുള്ള സര്‍ക്കാര്‍സേനയും ഐ.എസും വിമതരും പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്ന സിറിയയില്‍ പുതിയ സൈനികപദ്ധതിയുമായി അമേരിക്ക. ബശ്ശാര്‍ അല്‍അസദിനും ഐ.എസിനുമെതിരായ പോരാട്ടത്തില്‍ വിമതര്‍ ഇനിയും കാര്യക്ഷമമല്ളെന്നുകണ്ടാണ് കൂടുതല്‍ ആയുധങ്ങള്‍ നല്‍കിയും പരിശീലനം കാര്യക്ഷമമാക്കിയും പോര്‍മുഖം വീണ്ടും സജീവമാക്കാന്‍ അമേരിക്ക ഒരുങ്ങുന്നത്. മാസങ്ങളായി പരിശീലനം തുടരുന്ന വിമതസേന ഇനിയും ശത്രുപക്ഷത്തുനിന്നുള്ള ആക്രമണങ്ങളെ നേരിടാന്‍ പര്യാപ്തമായിട്ടില്ളെന്ന് അമേരിക്ക സമ്മതിക്കുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ 54 പേരുടെ ആദ്യ ബാച്ചിനെതിരെ അടുത്തിടെ അല്‍ഖാഇദ നടത്തിയ ആക്രമണം വിജയമായിരുന്നു. ഇതാണ് നടപടി വേഗത്തിലാക്കിയത്. നാട്ടുകാരുടെ പിന്തുണയില്ലാത്തതും ആവശ്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭ്യമല്ലാത്തതും പരിഹരിക്കുന്നതുള്‍പ്പെടെ വിശദമായ അഴിച്ചുപണിയാണ് ഉദ്ദേശിക്കുന്നത്.
പ്രതിസന്ധി കനത്ത് ജനം കൂട്ടായി സിറിയയില്‍നിന്ന് പലായനം ചെയ്യുന്നതിനിടെയാണ് രാജ്യത്ത് ആക്രമണം വീണ്ടും ശക്തമാക്കാന്‍ പെന്‍റഗണ്‍ നീക്കം തുടങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. സിറിയയിലെ വിമതരെ ആയുധമണിയിക്കാന്‍ 50 കോടി ഡോളറിന്‍െറ പദ്ധതിയാണ് നേരത്തേ അനുമതിയായിരുന്നത്. ഇതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.