ഇന്ത്യ-പാക് ചര്‍ച്ച: ഇന്ത്യയെ പഴിചാരി യു.എന്നില്‍ പാകിസ്താന്‍

ഇസ് ലാമാബാദ്: ഇന്ത്യ^പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവുതല ചര്‍ച്ച അവസാന നിമിഷം റദ്ദാക്കിയ വിവരം പാകിസ്താന്‍ യു.എന്നിനെ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കശ്മീര്‍ വിഷയത്തിലും നിയന്ത്രണ രേഖയിലെ പ്രശ്നങ്ങളിലും അന്താരാഷ്ട്ര സമൂഹത്തെ വിശ്വാസത്തിലെടുക്കാനുള്ള പാകിസ്താന്‍െറ ശ്രമമായാണ് ഇത് വിലയിരുത്തുന്നത്.
ചര്‍ച്ച റദ്ദാക്കിയ ഉടന്‍തന്നെ യു.എന്നിന്‍െറ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാന്‍ പാകിസ്താന്‍െറ സ്ഥിര പ്രതിനിധി മലീഹ ലോധിയെ ചുമതലപ്പെടുത്തിയിരുന്നതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജാന്‍ ഏലിയാസണിനെ തിങ്കളാഴ്ച വിവരമറിയിച്ചതായി പത്രം പറയുന്നു.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചചെയ്യണമെന്ന ഊഫയിലെ തീരുമാനത്തില്‍നിന്ന് ഇന്ത്യ പിന്മാറുകയായിരുന്നെന്നാണ് ഏലിയാസണിനെ അറിയിച്ചത്. കശ്മീര്‍ പ്രശ്നത്തില്‍ പ്രധാന കണ്ണികളായ വിഘടനവാദികളോട് ഉപദേശം തേടല്‍ സമാധാന ശ്രമത്തിന് പ്രധാനമാണെന്ന് യു.എന്‍ അധികൃതരെ പാകിസ്താന്‍ അറിയിച്ചു.
പാകിസ്താന്‍ മുന്നോട്ടുവെച്ച അജണ്ടയിലുള്ള അഭിപ്രായ വ്യത്യാസവും ഹുര്‍റിയത്ത് നേതാക്കളുമായി പാക് പ്രതിനിധി സര്‍താജ് അസീസ് ചര്‍ച്ച നടത്താന്‍ ശ്രമിച്ചതുമാണ് നിശ്ചയിച്ച ചര്‍ച്ച പിന്‍വലിക്കാന്‍ കാരണമായത്. ചര്‍ച്ച റദ്ദാക്കിയതില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഖേദം പ്രകടിപ്പിച്ചത് ലോധിയും ഏലിയാസണും തമ്മില്‍ സംസാരിച്ചതിനുശേഷമാണ്.
2003ലെ വെടിനിര്‍ത്തല്‍ ലംഘിച്ച നടപടി ഉയര്‍ത്തിക്കൊണ്ടുവരാന്‍ നടപടിയെടുക്കുമെന്ന് പാകിസ്താന്‍ നേരത്തേ അറിയിച്ചിരുന്നു. നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ ലംഘനവും ലോധി ഏലിയാസണിനെ അറിയിച്ചിട്ടുണ്ട്. ജൂണ്‍ മുതല്‍ 130 തവണ ഇന്ത്യ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായും അതിന്‍െറ ഫലമായി 16 പേര്‍ കൊല്ലപ്പെട്ടതായുമാണ് പാകിസ്താന്‍െറ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.