ന്യൂയോര്‍ക്: ഗുരുതരമായ രോഗം ബാധിച്ച വളര്‍ത്തുപൂച്ചയുടെ വൃക്ക മാറ്റിവെക്കാന്‍ അമേരിക്കക്കാരന്‍ ആന്‍ഡ്രെ ഗോണ്‍സിയറും ഭാര്യയും ചെലവാക്കിയത് 30,000 ഡോളര്‍. 12 വയസ്സുള്ള വളര്‍ത്തുപൂച്ച ‘ഓകി’ക്ക് ഏതാനും മാസംമുമ്പാണ് വൃക്കരോഗം ബാധിച്ചതത്രെ. വൃക്ക മാറ്റിവെക്കുകയല്ലാതെ നിവൃത്തിയില്ളെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. തുടര്‍ന്ന് ഓകിയെയുമെടുത്ത് ഇരുവരും പെന്‍സല്‍വേനിയ സര്‍വകലാശാലയുടെ വെറ്ററിനറി ആശുപത്രിയിലേക്ക് വിമാനം കയറി.
ഓപറേഷന് മാത്രം ചെലവ് 16,000 ഡോളര്‍. വിമാന ടിക്കറ്റും ഹോട്ടലിലെ താമസച്ചെലവും ലബോറട്ടറി ടെസ്റ്റുകളും തുടര്‍ചികിത്സയുമെല്ലാം കണക്കാക്കിയപ്പോള്‍ ചെലവ് 30,000 ഡോളറായി മാറി. പുതിയ വീട് വാങ്ങാന്‍ അഡ്വാന്‍സ് നല്‍കാന്‍ വെച്ചിരുന്ന പണമെടുത്താണ് പൂച്ചക്ക് അത്യാഹിതമുണ്ടായപ്പോള്‍ ചികിത്സിച്ചത്. 12 വയസ്സായ പൂച്ചക്കുവേണ്ടി ഇത്രയും പണം ചെലവാക്കിയതിനെ കളിയാക്കുന്നവര്‍ പൂച്ചയുടെ സ്ഥാനത്ത് സ്വന്തം കുഞ്ഞിനെയോ അമ്മയെയോ സങ്കല്‍പിച്ചുനോക്കണമെന്നാണ് ഗോണ്‍സിയറിന്‍െറ അഭിപ്രായം. തെരുവില്‍നിന്ന് കിട്ടിയ ചെറി ഗ്രേഷ്യ എന്നൊരു പൂച്ചയാണത്രെ വൃക്ക ദാനംചെയ്തത്.
ഇത് അല്‍പം ക്രൂരതയായി തോന്നുമെങ്കിലും ചെറിയുമായുണ്ടാക്കിയ കരാറനുസരിച്ച് ശിഷ്ടകാലം സംരക്ഷിച്ചുകൊള്ളാമെന്ന ഉറപ്പുകൊടുത്തിട്ടാണ് വൃക്ക എടുത്തത്. തന്‍െറ പ്രിയപ്പെട്ട ഓകിയുടെ ജീവന്‍ രക്ഷിച്ചതിന് ചെറിയോട് നന്ദിയുണ്ടെന്നും ഗോണ്‍സിയര്‍ പറഞ്ഞു. ശസ്ത്രക്രിയക്കുശേഷം ഇരുവരും സുഖംപ്രാപിച്ചുവരുന്നു. 1998 മുതല്‍ ഇത്തരത്തില്‍ 155 ശസ്ത്രക്രിയകള്‍ ആശുപത്രിയില്‍ നടത്തിയിട്ടുണ്ടെന്നും ശരാശരി മൂന്നു വര്‍ഷംകൂടി പൂച്ചകള്‍ ജീവിച്ചിരിക്കാറുണ്ടെന്നുമാണ് ചികിത്സിച്ച ഡോക്ടര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.