മാലിയിലെ അമൂല്യ മണ്‍ഗ്രാമങ്ങള്‍ നാശത്തിന്‍െറ വക്കില്‍

ബമാകൊ: ലോക പൈതൃകത്തില്‍തന്നെ സ്ഥാനംപിടിച്ചവയാണ് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മധ്യമാലിയിലെ മണ്‍ഗ്രാമങ്ങള്‍. മനോഹരമായ ഈ മണ്‍ നിര്‍മിതികള്‍ ഇന്ന് അപകടകരമായ നാശത്തിന്‍െറ വക്കിലാണെന്ന് യുനെസ്കോ മുന്നറിയിപ്പ് നല്‍കുന്നു.ശരിയായവിധം സംരക്ഷിക്കാത്തതാണ് ഇവ നാശത്തിലേക്ക് നീങ്ങാന്‍ കാരണമെന്നും യുനെസ്കോ ചൂണ്ടിക്കാട്ടുന്നു. ഇവിടത്തെ പുരാതന നഗരമായ ജിന്നെയില്‍ ഉള്‍പ്പെടുന്ന നാലു പുരാവസ്തു ഗ്രാമത്തില്‍ 2000ത്തോളം വരുന്ന മണ്‍വീടുകള്‍ ഉണ്ട്.

ബി.സി മൂന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് ഇവയെന്ന് കരുതപ്പെടുന്നു. മാലിയിലെ ഏറ്റവും പ്രശസ്തമായ നിര്‍മിതികളാണിവ. ഇതിന്‍െറ നിര്‍മാണവസ്തുക്കളെ ബാധിക്കുന്ന തകരാറുകളും മണ്ണൊലിപ്പും നഗരവത്കരണവുമാണ് പ്രധാനമായും നാശത്തിന് ഹേതുവായി ചൂണ്ടിക്കാട്ടുന്നത്.മാലിയുടെ വടക്കന്‍ മേഖലകളിലെ വിമതരില്‍നിന്നും പുറമെ തീവ്രവാദികളില്‍നിന്നുമുള്ള ഭീഷണികള്‍ ഇതിന്‍െറ ശരിയായ പരിരക്ഷണത്തിന് തടസ്സമാകുന്നതായി ആഫ്രിക്കയിലെ യുനെസ്കോ വേള്‍ഡ് ഹെറിറ്റേജിന്‍െറ മേധാവി എഡ്മണ്ട് മൗക്കാള പറയുന്നു.

ഇവ സംരക്ഷിക്കപ്പെടണമെങ്കില്‍ സാമ്പത്തികസഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെയുള്ള തിമ്പുക്തുവിലെ പുരാതന കെട്ടിടങ്ങളും മിനാരങ്ങളും 2012ല്‍ അല്‍ഖാഇദ ബോംബ് വെച്ച് തകര്‍ത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.