സമാധാന ഉടമ്പടി ഒപ്പുവെക്കല്‍; ദക്ഷിണ സുഡാന് അമേരിക്കയുടെ അന്ത്യശാസന

വാഷിങ്ടണ്‍: സമാധാന ഉടമ്പടി ഒപ്പുവെക്കാന്‍ തയാറാവാത്ത ദക്ഷിണ സുഡാന് അന്ത്യശാസനയുമായി അമേരിക്ക. രാജ്യത്ത് സമാധാനം സ്ഥാപിക്കാന്‍ ആത്മാര്‍ഥ ശ്രമങ്ങളുമായി മുന്നോട്ടു പോകാന്‍ തയാറല്ളെങ്കില്‍ ഉപരോധമടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് ഒബാമയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് പറഞ്ഞു. യു.എന്‍ ഉപരോധം നടപ്പാക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി അവര്‍ അറിയിച്ചു.

15 ദിവസത്തിനകം സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കുകയും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്യണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. ആഫ്രിക്കന്‍ നേതാക്കന്മാര്‍ മുന്നോട്ടു വെച്ച സമാധാന കരാര്‍ ദക്ഷിണ സുഡാന്‍ പ്രസിഡന്‍റ് സല്‍വ കീര്‍ തള്ളിയിരുന്നു. കൂടുതല്‍ സമയം വേണമെന്ന് പറഞ്ഞാണ് കരാര്‍ തള്ളിയത്.

കീര്‍ ആവശ്യപ്പെട്ട രണ്ടാഴ്ച സമയം വിമതര്‍ സ്വീകരിച്ചതായി മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന സിയോം മെസ്ഫിന്‍ പറഞ്ഞു. അടുത്ത 15 ദിവസത്തിനുള്ളില്‍ ആഡിസ് അബബയിലത്തെി സമാധാന ഉടമ്പടിക്ക് അവസാന രൂപം നല്‍കുമെന്ന് ദക്ഷിണ സുഡാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതായി സിയോം പറഞ്ഞു.

2011ല്‍ സുഡാനില്‍നിന്നും സ്വാതന്ത്ര്യം നേടിയ ദക്ഷിണ സുഡാനില്‍ 2013ലാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. കീറും അദ്ദേഹത്തിന്‍െറ കീഴിലെ ഉപപ്രധാനമന്ത്രി റീക് മചാറും തമ്മിലുള്ള പ്രശ്നങ്ങളാണ് വംശീയ സംഘര്‍ഷങ്ങളിലേക്ക് നീങ്ങിയത്. സംഘര്‍ഷങ്ങളില്‍ 10,000ലധികം പേര്‍ കൊല്ലപ്പെടുകയും 20 ലക്ഷം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്. വെടിനിര്‍ത്തലിനായി നടത്തിയ നിരവധി ശ്രമങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്.

സമാധാന ഉടമ്പടി തള്ളിയതിനെ തുടര്‍ന്ന് രണ്ടുദിവസമായി നിര്‍ത്തിവെച്ചിരുന്ന ഏറ്റുമുട്ടലുകള്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.