ബംഗളൂരു: സുഹൃത്തുക്കൾ തമ്മിലുള്ള പന്തയം ജയിക്കാൻ അഞ്ച് ഫുൾ ബോട്ടിൽ മദ്യം വെള്ളം ഒഴിക്കാതെ കുടിച്ച യുവാവ് മരിച്ചു. കോലാർ ജില്ലയിൽ മുൽബാഗൽ താലൂക്കിലെ പൂജാരഹള്ളി ഗ്രാമത്തിലാണ് സംഭവം. കാർത്തിക് എന്ന 21കാരനാണ് മരിച്ചത്.
10,000 രൂപ സമ്മാനമായി നൽകുകയാണെങ്കിൽ അഞ്ച് കുപ്പി മദ്യം ഒരു തുള്ളി വെള്ളമില്ലാതെ കുടിക്കാമെന്ന് പറഞ്ഞ് ഇയാൾ നാട്ടുകാരായ വെങ്കടറെഡ്ഡി, സുബ്രഹ്മണി, മറ്റ് മൂന്ന് പേർ എന്നിവരുമായി പന്തയം വെക്കുകയായിരുന്നു. സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത കാർത്തിക് അഞ്ച് കുപ്പി മദ്യം വെള്ളം ചേർക്കാതെ കഴിച്ചു. തുടർന്ന് അവശനായ കാർത്തിക് സുഹൃത്തുക്കളോട് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഉടൻ മുൽബാഗൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അമിത അളവിൽ മദ്യം ഉള്ളിൽ ചെന്നതിനാൽ മരുന്നുകളൊന്നും ഫലംചെയ്തില്ല. പിന്നാലെ ദാരുണമായി മരിക്കുകയായിരുന്നു. ഒരു വർഷം മുമ്പാണ് കാർത്തിക് വിവാഹിതനായത്. എട്ട് ദിവസം മുമ്പാണ് കാർത്തിക്കിന്റെ ഭാര്യ പ്രസവിച്ചത്.
സംഭവത്തിൽ കേസെടുത്ത പൊലീസ് വെങ്കടറെഡ്ഡി, സുബ്രഹ്മണി എന്നിവരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.