കൊല്ലപ്പെട്ട കമിതാക്കൾ
മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ വീണ്ടും ദുരഭിമാനക്കൊല. 27 വയസ്സുകാരനായ മുസ്‌ലിം യുവാവിനെയും 22കാരിയായ ഹിന്ദു യുവതിയെയും കൈകാലുകൾ കെട്ടിയിട്ട് വെട്ടിക്കൊലപ്പെടുത്തി. യുവതിയുടെ സഹോദരങ്ങളാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന അർമാൻ എന്ന യുവാവ് ഏതാനും മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഇവിടെ വെച്ച് കാജൽ എന്ന യുവതിയുമായി അർമാൻ പ്രണയത്തിലായി. എന്നാൽ വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ഇവരുടെ ബന്ധത്തെ കാജലിന്റെ സഹോദരങ്ങൾ ശക്തമായി എതിർത്തു. ബന്ധം അവസാനിപ്പിക്കണമെന്ന് അവർ കാജലിനോട് പലതവണ ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് ദിവസമായി അർമാനെയും കാജലിനെയും കാണാനില്ലായിരുന്നു. അർമാന്റെ പിതാവ് ഹനീഫ് പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ കാജലിനെയും കാണാനില്ലെന്ന് പൊലീസ് കണ്ടെത്തി. സംശയത്തിന്റെ അടിസ്ഥാനത്തിൽ കാജലിന്റെ സഹോദരങ്ങളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.
രണ്ടുപേരെയും തങ്ങൾ കൊലപ്പെടുത്തിയതായി സഹോദരങ്ങൾ പൊലീസിനോട് സമ്മതിച്ചു. അർമാന്റെയും കാജലിന്റെയും കൈകാലുകൾ കെട്ടിയിട്ട ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രതികൾ മൊഴി നൽകി. മൃതദേഹങ്ങൾ നദീതീരത്ത് കുഴിച്ചുമൂടുകയായിരുന്നു. പ്രതികൾ കാണിച്ചുകൊടുത്ത സ്ഥലത്തുനിന്ന് ഇന്നലെ വൈകുന്നേരത്തോടെ പോലീസ് മൃതദേഹങ്ങൾ പുറത്തെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.
കാജലിന്റെ മൂന്ന് സഹോദരങ്ങൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇതിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വർഗീയ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് സത്പാൽ ആന്റിൽ അറിയിച്ചു.
അർമാനും കാജലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നുവെന്ന് അർമാന്റെ സഹോദരി പ്രതികരിച്ചു. നാല് വർഷമായി സൗദിയിലായിരുന്ന അർമാൻ മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ഉത്തർപ്രദേശിലെ ദുരഭിമാനക്കൊലകളുടെ ഭീകരത ഒരിക്കൽ കൂടി വെളിപ്പെടുത്തുന്നതാണ് ഈ സംഭവമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.