മംഗളൂരു: ശിവമോഗ്ഗയിൽ യുവ വെറ്ററിനറി സർജൻ ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ് മരിച്ചു. താവരെക്കൊപ്പ മൃഗശാലയിലെ വെറ്റിനറി സർജന്‍ ഡോ. സമീക്ഷ റെഡ്ഡിയാണ് (27) ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പട്ടത്. ഈയിടെയാണ് സമീക്ഷ മൃഗശാലയിൽ കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചത്.
വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. കടിയേറ്റതിന് പിന്നാലെ സമീക്ഷയെ ശിവമോഗ്ഗയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ വനം, പരിസ്ഥിതി മന്ത്രി ഈശ്വർ ബി. ഖന്ദ്രെ അനുശോചിച്ചു. ദുഃഖിതരായ കുടുംബത്തോടൊപ്പം സർക്കാർ ഉറച്ചുനിൽക്കുമെന്ന് മന്ത്രി പറഞ്ഞു. ഇരയുടെ കുടുംബത്തിന് മാനദണ്ഡങ്ങൾക്കനുസൃതമായി കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽകാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ മുതിർന്ന വെറ്ററിനറി സർജന്മാരും വനം ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘത്തെ നിയമിച്ചു. ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.