ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി; കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഇടക്കാല ഹരജി സുപ്രീം കോടതി തള്ളി. ഏകപക്ഷീയമായാണ് പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട നിരവധി തീരുമാനങ്ങൾ സി.ഇ.സി എടുത്തതെന്നാരോപിച്ചുള്ള ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷന്റെയും മറ്റ് എതിർകക്ഷികളുടെയും മറുപടി തേടിയ ശേഷമേ തുടർനടപടികൾ ഉണ്ടാകൂ എന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമീഷനും സി.ഇ.സി ഗ്യാനേഷ് കുമാർ, മറ്റ് തെരഞ്ഞെടുപ്പ് കമീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സിന്ധു, ഡോ. വിവേക് ​​ജോഷി, ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗ് ഐ.എ.എസ്, ഡി.ജി (ഐ.ടി) സീമ ഖന്ന എന്നിവർക്കും കോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമീഷന്റെ പേരിലുള്ള 14 നിർണായക തീരുമാനങ്ങളും മറ്റ് രണ്ട് കമീഷണർമാരുടെ എതിർപ്പുകളും അവഗണിച്ച് സി.ഇ.സി ഏകപക്ഷീയമായി എടുത്തു എന്ന റിപ്പോർട്ടിനെ തുടർന്നാണ് ഹരജികൾ സമർപ്പിക്കപ്പെട്ടത്.

പൗരന്മാരുടെ വോട്ടവകാശത്തെക്കുറിച്ച് ആശങ്ക ഉയരുന്നതിനാൽ അടിയന്തര നടപടികൾ ആവശ്യമാണെന്ന് ഹരജിക്കാരനായ രാകേഷ് കുമാർ സിങ്ങിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വികാസ് സിങ് വാദിച്ചു. തീരുമാനങ്ങൾ ഭൂരിപക്ഷ അഭിപ്രായപ്രകാരമോ ഐകകണ്ഠേനയോ ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന സി.ഇ.സി ആക്ട് സെക്ഷൻ 18 അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ സി.ഇ.സിയെ ഇപ്പോൾ സസ്പെൻഡ് ചെയ്താൽ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനം സ്തംഭിക്കില്ലേ എന്നും തെരഞ്ഞെടുപ്പ് ആരാണ് നടത്തുകയെന്നും കോടതി ചോദിച്ചു. എതിർകക്ഷികളുടെ ഭാഗം കേൾക്കാതെ ഇത്തരമൊരു ഉത്തരവ് നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള 'ഫോം 6'-ൽ വരുത്തിയ പുതിയ മാറ്റങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരമില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഭേദഗതി വരുത്തിയ ഫോം 6 കോടതി അംഗീകരിച്ചിട്ടില്ലെന്നും രേഖകൾ ഹാജരാക്കുമ്പോൾ ആരാണ് ഇത് ഭേദഗതി ചെയ്തതെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. 

തുടർന്ന് അഡ്വ. ശൈലേന്ദ്ര മണി ത്രിപാഠി നൽകിയ മറ്റൊരു ഹരജിയും കോടതി പരിഗണിക്കുകയും അതിലും നോട്ടീസ് അയക്കാൻ ഉത്തരവിടുകയും ചെയ്തു. മുപ്പതോളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എസ്‌.ഐ.ആർ നടപടികൾക്കിടയിൽ 13 കോടി വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയ സംഭവത്തിൽ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. വിഷയത്തിൽ വിശദമായ മറുപടി നൽകാൻ എതിർകക്ഷികൾക്ക് കോടതി നിർദ്ദേശം നൽകി.

Tags:    
News Summary - Supreme Court seeks Centre's response on plea for action against CEC Gyanesh Kumar, SIT probe into voter deletions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.