ഇന്ത്യ-യു.എസ് വ്യാപാര ചർച്ചകൾ മുരടിച്ചു; ഇനി വിട്ടുവീഴ്ച പ്രയാസമെന്ന് നിർമല സീതാരാമൻ
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ തുടരുകയാണെങ്കിലും അവ മുരടിച്ച അവസ്ഥയിലെത്തിയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മ്യൂണിക്ക് ലീഡേഴ്സ് മീറ്റിങ്ങിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. നിർദിഷ്ട വ്യാപാര കരാറിനായി ഇരുരാജ്യങ്ങളും ശക്തമായ ചർച്ചകളാണ് നടത്തിയതെന്നും എന്നാൽ ഇനി വിട്ടുവീഴ്ചകൾ ചെയ്യുകയോ ഇളവുകൾ നൽകുകയോ ചെയ്യുന്നത് ഏറെ പ്രയാസകരമായ ഘട്ടത്തിലാണ് ചർച്ചകൾ എത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ഇന്ത്യക്ക് അനുകൂലമായ വ്യാപാര സന്തുലിതാവസ്ഥയാണുള്ളത്. ഇന്ത്യയുമായുള്ള വ്യാപാരത്തിലെ കമ്മി കുറക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. വർഷങ്ങളായി ഇന്ത്യയുമായുള്ള വ്യാപാരത്തിൽ നഷ്ടം നേരിടുന്നുവെന്ന അമേരിക്കയുടെ ആശങ്കയാണ് ഇതിന് പിന്നിലെന്നും നിർമല സീതാരാമൻ പറഞ്ഞു. അതേസമയം, ചർച്ചകൾക്ക് ഇനിയും സാധ്യതയുണ്ടോയെന്ന് ഇരുരാജ്യങ്ങൾക്കും പരിശോധിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. 2026 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ഇടക്കാല വ്യാപാര കരാറിന്റെ ചട്ടക്കൂടിലാണ് നിലവിലെ ചർച്ചകൾ പുരോഗമിക്കുന്നത്.
ഇന്ത്യയുടെ വ്യാപാര നയങ്ങളെക്കുറിച്ച് സംസാരിക്കവെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ (ഇ.യു) വ്യാപാര കരാറും മന്ത്രി പരാമർശിച്ചു. ഏകദേശം രണ്ട് ശതകോടി ജനങ്ങളെയും ആഗോള ജി.ഡി.പിയുടെ നാലിലൊന്നിനെയും ഉൾക്കൊള്ളുന്നതാണ് ഇ.യു കരാറെന്ന് അവർ പറഞ്ഞു.
അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും യൂറോപ്പും തമ്മിൽ വ്യത്യാസമുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകൾ ചർച്ച ചെയ്യുന്നതിനിടെ, അമേരിക്കയിലേതിന് സമാനമായ 'ലിൻഡ്സെ ഗ്രഹാം ബിൽ' മാതൃകയിലുള്ള നിയമം യൂറോപ്പിലില്ലെന്നും അവർ വ്യക്തമാക്കി. രാജ്യത്തിന്റെ ഊർജ ആവശ്യങ്ങളും സുരക്ഷയുമാണ് ഇന്ത്യയുടെ മുൻഗണനയെന്നും മന്ത്രി പറഞ്ഞു.
റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യ തുടർച്ചയായി വാങ്ങുന്നതും യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകളിൽ ഈ വിഷയം ബാധിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ രാജ്യങ്ങൾ ദേശീയ താൽപര്യങ്ങൾക്കും വിതരണ ശൃംഖലകളുടെ സുരക്ഷക്കും മുൻഗണന നൽകിയാണ് കരാറുകൾ രൂപീകരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) നിയമങ്ങൾ പലപ്പോഴും ലംഘിക്കപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ രാജ്യങ്ങൾ സ്വന്തം താൽപര്യങ്ങൾ സംരക്ഷിച്ചാണ് മുന്നോട്ടുപോകുന്നതെന്നും ധനമന്ത്രി പറഞ്ഞു. പരമ്പരാഗത വ്യാപാര കരാറുകളിൽ നിന്ന് വ്യത്യസ്തമായി, സങ്കീർണമായ ആഗോള വിപണി സാഹചര്യങ്ങളെ നേരിടുന്നതിനായി പുതിയ പങ്കാളികളെ കണ്ടെത്തുകയും വിതരണ ശൃംഖലയുടെ തുടർച്ച ഉറപ്പാക്കുകയും ചെയ്യുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.