യു.പി രാജ്യസഭാ നാമനിർദ്ദേശ പട്ടികയിൽ നിന്ന് ഹർദീപ് പുരി ഉൾപ്പെടെ ബി.ജെ.പിയുടെ 8 സിറ്റിങ് എം.പിമാർ പുറത്ത്

കാൻപൂർ:  ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ നാമനിർദ്ദേശ പട്ടികയിൽ നിന്ന് കേന്ദ്രമന്ത്രിമാരായ ഹർദീപ് സിഹ് പുരിയെയും ബി.എൽ. വെർമയെയും ഒഴിവാക്കിക്കൊണ്ട് ബി.ജെ.പിയുടെ അപ്രതീക്ഷിത നീക്കം. നിലവിലുള്ള എം.പിമാരെ ആരെയും നിലനിർത്താതെ എട്ട് പുതിയ സ്ഥാനാർഥികളുടെ പട്ടികയാണ് പാർട്ടി പ്രഖ്യാപിച്ചത്.

ഒക്ടോബർ 16ലെ തെരഞ്ഞെടുപ്പിനായി ധരംപാൽ സിങ്, രാധാകാന്ത് ഓജ, പ്രകാശ് പാൽ, വിദ്യാസാഗർ സോങ്കർ, ഗോപി കൃഷ്ണ പാണ്ഡ്യൻ, പ്രിയങ്ക സിങ് റാവത്ത്, രാം പ്രതാപ് സിങ് ചൗഹാൻ, ശ്രുതി ഗാംഗ്വാർ എന്നിവരെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. പുരിക്കും വെർമയ്ക്കും പുറമേ അരുൺ സിങ്, സീമ ദ്വിവേദി, നീരജ് ശേഖർ, ബ്രിജ് ലാൽ, ഗീത ശാക്യ എന്നിവരും പുതിയ പട്ടികയിൽ ഇടം നേടിയിട്ടില്ല. ഉത്തർപ്രദേശിൽ നിന്ന് മുമ്പ് രാജ്യസഭാ സീറ്റ് കൈവശം വെച്ചിരുന്ന ദിനേശ് ശർമ ഇപ്പോൾ അൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലെഫ്റ്റനന്റ് ഗവർണറാണ്.

ഒക്ടോബർ 16ന് സംസ്ഥാനത്തെ 10 രാജ്യസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.  പട്ടികയിൽ മൂന്ന് ഒ.ബി.സി സ്ഥാനാർഥികളും രണ്ട് പട്ടികജാതി സ്ഥാനാർഥികളും മൂന്ന് ഉയർന്ന ജാതി സ്ഥാനാർഥികളും ഉൾപ്പെടുന്നു. ഇതിൽ രണ്ട് പേർ വനിതാ സ്ഥാനാർഥികളാണ്. ഒ.ബി.സി പ്രതിനിധികളിൽ ലോധി, പാൽ, കുർമി സമുദായങ്ങളും, ഉയർന്ന ജാതി സ്ഥാനാർഥികളിൽ രണ്ട് ബ്രാഹ്മണരും ഒരു രാജ്പുതും ഉൾപ്പെടുന്നുണ്ട്.

മുൻ ബരാബങ്കി എം.പി പ്രിയങ്ക സിങ് റാവത്തും ജാർഖണ്ഡ് ഗവർണർ സന്തോഷ് ഗാംഗ്വാറുടെ മകൾ ശ്രുതി ഗാംഗ്വാറുമാണ് വനിതാ സ്ഥാനാർഥികൾ. കോൺഗ്രസ് മുതിർന്ന നേതാവായ പി.എൽ. പുനിയയെ പരാജയപ്പെടുത്തി 2014ൽ പ്രിയങ്ക സിങ് റാവത്ത് ബരാബങ്കി ലോക്‌സഭാ സീറ്റ് നേടിയിരുന്നു. കിഴക്കൻ ഉത്തർപ്രദേശിൽ നിന്നുള്ള ദളിത് നേതാവായ വിദ്യാസാഗർ സോങ്കർ മുൻ ലോക്‌സഭാ എം.പിയും എം.എൽ.സിയുമാണ്. അദ്ദേഹം ബി.ജെ.പിയുടെ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രകാശ് പാൽ, രാം പ്രതാപ് സിങ് ചൗഹാൻ ഉൾപ്പെടെയുള്ള സംഘടനാ പരിചയമുള്ള നേതാക്കളെയും ബി.ജെ.പി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ഒ.ബി.സി പാൽ സമുദായാംഗമായ പ്രകാശ് പാൽ ഇതിനുമുമ്പ് പാർട്ടിയുടെ കാൻപൂർ-ബുന്ദേൽഖണ്ഡ് സംഘടനാ മേഖലയുടെ തലവനായി പ്രവർത്തിച്ചിട്ടുണ്ട്. 2026 ജൂണിലെ പുനഃസംഘടനയിലാണ് ചൗഹാനെ സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിച്ചത്. തുടർന്ന് ആഗസ്റ്റിൽ പടിഞ്ഞാറൻ ഉത്തർപ്രദേശ് സംഘടനാ മേഖലയുടെ ചുമതലയും നൽകി. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പി തയ്യാറെടുക്കുമ്പോൾ, ജാതി പ്രാതിനിധ്യവും സംഘടനാ പരിചയവും സമന്വയിപ്പിച്ചാണ് സ്ഥാനാർഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

Tags:    
News Summary - 8 sitting BJP MPs, including Hardeep Puri, excluded from UP Rajya Sabha election list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.