ന്യൂഡൽഹി: യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാക്കിയത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിെൻറ തുടക്കമാണെന്ന് പ്രമുഖ ഭരണഘടന വിദഗ്ധനും നിയമജ്ഞനുമായ ഫാലി എസ്. നരിമാൻ അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ സംഭവവികാസങ്ങൾ ഭരണഘടനക്ക് ഭീഷണിയാണെന്നും എൻ.ഡി.ടി.വിയോടുള്ള സംഭാഷണത്തിൽ നരിമാൻ പറഞ്ഞു.
പ്രധാനമന്ത്രി ഒരുപക്ഷേ, നിഷേധിച്ചേക്കാമെങ്കിലും യോഗിയെ മുഖ്യമന്ത്രിയായി നിയമിച്ചത് ഒരു മതരാജ്യമാക്കി ഇന്ത്യയെ പരിവർത്തിപ്പിക്കാനാണെന്ന് താൻ പറയും. ഉത്തർപ്രദേശിലെ വൻവിജയത്തിനു ശേഷം ഒരു മതപുരോഹിതനെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നു.
ഇതിനിയും മനസ്സിലാക്കാൻ കഴിയാത്തവർ അവരുടെ കണ്ണും കാതുമൊന്ന് പരിശോധിക്കണം. അല്ലെങ്കിൽ അവർ രാഷ്ട്രീയ കക്ഷികളുടെ വക്താക്കളാകും. പ്രധാനമന്ത്രിയുടെ ഉൗർജസ്വലതയെ അംഗീകരിക്കുന്ന താൻ അദ്ദേഹത്തിെൻറ എല്ലാ നയങ്ങളും അംഗീകരിക്കില്ല.
ഹിന്ദുയിസം ജീവിത ശൈലിയാണെന്ന് 1975ൽ എൽ.കെ. അദ്വാനി പറഞ്ഞതിൽനിന്ന് ബി.ജെ.പി മാറിയെന്നും ഇപ്പോൾ വി.ഡി സവർക്കറിെൻറ ഭരണഘടനവിരുദ്ധമായ ഹിന്ദുത്വ സങ്കൽപത്തിലെത്തിയെന്നും അത് ഹിന്ദുരാഷ്ട്രവും വംശവും സംസ്കാരവും അടങ്ങുന്നതാണെന്നും ഫാലി എസ്. നരിമാൻ പറഞ്ഞു. അതേസമയം, നമ്മുടെ ഭരണഘടനയുണ്ടാക്കിയ ഭരണഘടന അസംബ്ലിയിൽ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. ആകെയുള്ള 299 അംഗങ്ങളിൽ 255 പേരും. അതായത്, 85 ശതമാനം.
ഭരണഘടനയിൽ മേതതരത്വം എന്ന പദമില്ലാത്തത് പിന്നീട് കൂട്ടിച്ചേർത്തത് അടിയന്തരാവസ്ഥക്കാലത്തെ രാഷ്്ട്രീയ തീരുമാനമായിരുന്നു. ജസ്റ്റിസ് കർണനെതിരെ സുപ്രീംകോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കരുതായിരുന്നുവെന്നും ഇത്തരമൊരു തലത്തിലേക്ക് കാര്യങ്ങളെത്തിക്കാതെ പാർലമെൻറിലെ ഇംപീച്മെൻറ് അടക്കമുള്ള നടപടികളാണ് സ്വീകരിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.