ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി എം.എൽ.എ അബു ആസ്മിക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗൾ ഭരണാധികാരി ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ടുള്ള വിവാദ പരാമർശത്തിന്‍റെ പേരിലാണ് വിമർശനം. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആദിത്യനാഥ് ആവശ്യപ്പെട്ടു.
“ആ വ്യക്തിയെ സമാജ്‌വാദി പാർട്ടിയിൽ നിന്ന് പുറത്താക്കി യു.പിയിലേക്ക് അയക്കൂ, ഞങ്ങൾ കൈകാര്യം ചെയ്യാം. ഛത്രപതി ശിവജി മഹാരാജിന്റെ പൈതൃകത്തെക്കുറിച്ച് ലജ്ജ തോന്നുകയും ഔറംഗസേബിനെ തന്റെ ആരാധനാപാത്രമായി കണക്കാക്കുകയും ചെയ്യുന്ന വ്യക്തിക്ക് നമ്മുടെ രാജ്യത്ത് താമസിക്കാൻ അവകാശമുണ്ടോ? സമാജ്‌വാദി പാർട്ടി ഇതിന് ഉത്തരം നൽകണം” -യോഗി ആദിത്യനാഥ് പറഞ്ഞു.
ഔറംഗസേബിന്റെ ഭരണത്തിന് കീഴിൽ ഇന്ത്യ അഭിവൃദ്ധി പ്രാപിച്ചുവെന്ന് എസ്.പിയുടെ മഹാരാഷ്ട്ര പ്രസിഡന്റ് ആസ്മി അവകാശപ്പെട്ടതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഔറംഗസേബ് ക്ഷേത്രങ്ങൾ നിർമിച്ചിരുന്നുവെന്നും അദ്ദേഹം ക്രൂരനായ നേതാവല്ലെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ പരാമർശങ്ങൾ വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹം ആരോപിച്ചു. മുംബൈയിലെയും താനെയിലെയും പൊലീസ് സ്റ്റേഷനുകളിൽ ആസ്മിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര നിയമസഭയിൽ നിന്ന് അസ്മിയെ സസ്‌പെൻഡ് ചെയ്യണമെന്നും അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് ശിവസേന സംസ്ഥാനവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചു.
പരാമർശം വിവാദമായപ്പോൾ അസ്മി ക്ഷമാപണം നടത്തി. തന്റെ അഭിപ്രായങ്ങൾ ചരിത്രപരമായ വിവരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്നും പ്രസ്താവനയിൽ ആർക്കെങ്കിലും വേദനയുണ്ടായെങ്കിൽ, വാക്കുകൾ പിൻവലിക്കുന്നതായും അദ്ദേഹം പറഞ്ഞു. തന്റെ പരാമർശങ്ങൾ ഛത്രപതി ശിവജി മഹാരാജിനെയോ സാംബാജി മഹാരാജിനെയോ അനാദരിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷമാപണം നടത്തിയെങ്കിലും ബജറ്റ് സമ്മേളനം അവസാനിക്കുന്നതുവരെ അസ്മിയെ നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.