യോഗി ആദിത്യനാഥ്

'ആ നഗരത്തിന്‍റെ പേര് പറയുന്നത് തന്നെ വായ്ക്ക് അരുചി'; അക്ബർപൂരിന്റെ പേര് മാറ്റുമെന്ന് യോഗി

ലഖ്നോ: യു.പി നഗരമായ അക്ബർപൂരിന്റെ പേര് മാറ്റുമെന്ന സൂചനയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊളോണിയലിസത്തിന്റെ എല്ലാ അടയാളങ്ങളും നഗരത്തിൽ നിന്ന് തുടച്ചുനീക്കണമെന്ന് പറഞ്ഞ് യോഗി ആദിത്യനാഥ് അക്ബർപൂരിന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് സൂചന നൽകിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

“നഗരത്തിന്റെ പേര് ഉച്ചരിക്കുന്നത് വായിൽ മോശം രുചിയാണ് നൽകുന്നത്. ഇതെല്ലാം മാറും. നമ്മുടെ രാഷ്ട്രത്തിൽ നിന്ന് കൊളോണിയലിസത്തിന്റെ എല്ലാ അവശിഷ്ടങ്ങളും ഉന്മൂലനം ചെയ്യുകയും നമ്മുടെ പൈതൃകത്തെ മാനിക്കുകയും വേണം” -ആദിത്യനാഥ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മോദി മൂന്നാം തവണയും അധികാരത്തിൽ വന്നാൽ അക്ബർപൂരിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട നിർദേശം സംസ്ഥാനം കേന്ദ്രത്തിന് നൽകുമെന്ന് സർക്കാർ വക്താവ് അറിയിച്ചതായി റിപ്പോർട്ടിൽ പറ‍യുന്നു. അക്ബർപൂർ മാത്രമല്ല, അലിഗഡ്, അസംഗഡ്, ഷാജഹാൻപൂർ, ഗാസിയാബാദ്, ഫിറോസാബാദ്, ഫറൂഖാബാദ്, മൊറാദാബാദ് തുടങ്ങി യു.പിയിലെ നിരവധി പ്രദേശങ്ങളുടെ പേരുമാറ്റാനും ആലോചിക്കുന്നുണ്ട്.

2017ൽ യോഗി മുഖ്യമന്ത്രിയായതിന് ശേഷം ഉത്തർപ്രദേശിലെ നിരവധി റോഡുകളുടെയും പാർക്കുകളുടെയും കെട്ടിടങ്ങളുടെയും പേര് മാറ്റിയിട്ടുണ്ട്. അവയിൽ പലതും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു.

രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ ജങ്ഷനായ മുഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് അടുത്തിടെ ദീൻ ദയാൽ ഉപാധ്യായ ജങ്ഷൻ എന്നാക്കി മാറ്റി. 2019ൽ അലഹബാദിനെ പ്രയാഗ്‌രാജാക്കി. അലിഗഢിലെ മുനിസിപ്പൽ ബോഡികൾ നഗരത്തിന്റെ പേര് ഹരിഗഡ് എന്ന് മാറ്റാമുള്ള പ്രമേയം അടുത്തിടെ പാസാക്കി. ഫിറോസാബാദിന്റെ പേര് ചന്ദ്രനഗർ എന്നും മെയിൻപുരി എന്ന പേര് മായാപുരി എന്നും മാറ്റാനും സമാനമായ നിർദേശം ഉയർന്നു.

Tags:    
News Summary - Yogi Adityanath hints at changing name of Uttar Pradesh city named after Akbar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.