ലക് നോ: ഐ.എ.എസുകാരിയാകണമെന്ന ഏഴാംക്ലാസുകാരിയുടെ സ്വപ്നം സഫലമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകിയ വാക്ക് പാഴ് വാക്കായി. പിതാവ് രാജീവ് കുമാർ ത്രിപാഠിക്ക് അപകടത്തിൽ കാലിൽ ഗുരുതരമായ പരിക്ക് പറ്റിയതിനെ തുടർന്ന് ജോലി നഷ്ടമായതിനുശേഷം മകൾ പൻകുരി ത്രിപാഠിയുടെ വിദ്യാഭ്യസം മുന്നോട്ടുകൊണ്ടുപോകാൻ കഷ്ടപ്പെടുകയായിരുന്നു കുടുംബം. ഇതിനിടെ പെൺകുട്ടി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇതിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. ഫീസ് നൽകേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തു.
എന്നാൽ ഈ ആവശ്യവുമായി സ്കൂളിലെത്തിയതോടെ അധികൃതർ കൈമലർത്തി. അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാനാവില്ലെന്നായിരുന്നു സ്കൂൾ അധികൃതരുടെ നിലപാട്. ഗോരഖ്പുരിൽ ആർ.എസ്.എസ് നേതൃത്വത്തിലുള്ള വിദ്യാഭാരതി നടത്തുന്ന സരസ്വതി ശിശു മന്ദിറിലാണ് പൻകുരി ത്രിപാഠി പഠിക്കുന്നത്. ഗോരഖ് പുർ മഠത്തിന്‍റെ അധിപനും പ്രധാന പുരോഹിതനുമായിരുന്ന ഗോരഖ്പുരിൽ യോഗി ആദിത്യനാഥിന് വലിയ സ്വാധീനമുണ്ട്. ഏഴാം ക്ലാസിൽ മാസം തോറും 1650 രൂപയാണ് ഫീസ് ഈടാക്കുന്നത്. കുടിശികയടക്കം 18,000 രൂപയാണ് പൻകുരി ഇപ്പോൾ സ്കൂളിന് നൽകാനുള്ളത്.
മുഖ്യമന്ത്രിയുടെ ഉറപ്പുമായി പിതാവിനോടൊത്ത് സ്കൂളിൽ എത്തിയപ്പോൾ അധികൃതർ മോശമായി പെരുമാറിയെന്ന് പൻകുരി പറഞ്ഞു. കൂടുതൽ രക്ഷിതാക്കൾ ഈ ആവശ്യവുമായി എത്തിയാൽ സ്കൂൾ നടത്തിക്കൊണ്ടുപാകാനാവില്ല. അധ്യാപകർക്ക് ഫീസ് നൽകാനാവില്ലെന്നുമായിരുന്നു അധികൃതരുടെ വാദം. എന്തുതന്നെയായാലും മുഖ്യമന്ത്രി ഇടപെടുമെന്ന് തന്നെയാണ് വിശ്വാസമെന്നും പെൺകുട്ടി പറഞ്ഞു.
വിഷയത്തിൽ സമാജ് വാദി പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവ് ബി.ജെ.പിയെ പരിഹസിച്ചു. ബേച്ചി ബച്ചാവോ ബേട്ടി പഠാവോ എന്ന മുദ്രാവാക്യം മുഴക്കുന്ന ബി.ജെ.പി കുട്ടികളോട് പള്ളം പറയരുതെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. എന്തുതന്നെയായാലും പൻകുരിയുടെ വിദ്യാഭ്യാസം മുടങ്ങിപ്പോകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.