യോഗ ജനങ്ങളെ ഒരുമിപ്പിക്കുന്നു -അന്താരാഷ്ട്ര യോഗദിനത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: യോഗ ദിനം ഐക്യത്തിന്‍റെ ദിനമാണെന്നും എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരാൻ യോഗക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറാമത് അന്താരാഷ്ട്ര ‍യോഗദിനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സാർവത്രിക സാഹോദര്യത്തിന്‍റെ ദിനമാണ് യോഗ ദിനം. വീട്ടിൽ യോഗ, കുടുംബത്തോടൊപ്പം യോഗ എന്നതാണ് ഇത്തവണത്തെ യോഗ ദിന സന്ദേശം. എല്ലാ സാമൂഹിക ഒത്തുചേരലുകളും ഒഴിവാക്കി കുടുംബത്തോടൊപ്പം യോഗ ചെയ്യണം. കുടുംബാംഗങ്ങൾ ഒരുമിച്ച് യോഗ ചെയ്യുമ്പോൾ അത് വീട്ടിലാകെ ഊർജ്ജം നൽകും -മോദി പറഞ്ഞു.

കോവിഡ് 19ന്‍റെ സാഹചര്യത്തിൽ ലോകം യോഗയെ കൂടുതൽ ഗൗരവത്തോടെ നോക്കിക്കാണുകയാണ്. രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാൻ യോഗാസനത്തിന് സാധിക്കും. ഇത് നമ്മുടെ പേശികളെയും ഉപാപചയ പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്തും.

കൊറോണ വൈറസ് നമ്മുടെ ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത്. യോഗയിലെ പ്രാണായാം നമ്മെ സുരക്ഷിതരായി നിർത്താനുള്ള മികച്ച മാർഗമാണ്. പ്രാണായാം ദിനചര്യയിൽ ഉൾപ്പെടുത്തണമെന്നും മോദി പറഞ്ഞു.

2015 മുതലാണ് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ തുടങ്ങിയത്. 2014 ഡിസംബർ 11നാണ് അന്താരാഷ്ട്രതലത്തിൽ യോഗ ദിനം ആചരിക്കാനുള്ള തീരുമാനം ഐക്യരാഷ്ട്രസഭ കൈക്കൊണ്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.