യാദവന്മാരുടെ ഏറ്റുമുട്ടലിൽ ശ്രദ്ധാകേന്ദ്രം മരുമകൾ 'അപർണ'

ലക്നോ: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ മുലായം സിങ് യാദവും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൂടി ശ്രദ്ധാ കേന്ദ്രമാകുന്നു. മുലായത്തിന്‍റെ മരുമകളും രണ്ടാമത്തെ മകൻ പ്രതീക് യാദവിന്‍റെ ഭാര്യയുമായ അപർണ യാദവ് ഏത് വിഭാഗത്തോടൊപ്പം നിൽകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ചർച്ച ചെയ്യുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ 235 സ്ഥാനാർഥികളുടെ പട്ടിക മുലായവും അഖിലേഷും പുറത്തിറക്കിയപ്പോൾ ലക്നോ കന്‍റോൺമെന്‍റ് സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ഈ സീറ്റ് അപർണക്ക് നൽകാനാണ് ഇരുവരുടെയും നീക്കമെന്നാണ് വാർത്തകൾ. വർഷങ്ങൾക്ക് മുമ്പ് ലക്നോ കന്‍റോൺമെന്‍റ് സീറ്റിലേക്ക് അപർണയെ മുലായം സിങ് പരിഗണിച്ചിരുന്നു. മുൻ പി.സി.സി അധ്യക്ഷയും ഇപ്പോൾ ബി.ജെ.പി അംഗവുമായ റീത്ത ബഹുഗുണ ജോഷിയാണ് ഈ സീറ്റിൽ വിജയിച്ചിരുന്നത്.

അഖിലേഷും അമ്മാവൻ ശിവപാൽ യാദവും തമ്മിലുള്ള അധികാര വടംവലി എസ്.പിയെ പിളർപ്പിലേക്ക് നയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശിവപാൽ യാദവ് പക്ഷത്താണ് അപർണ ഇപ്പോഴുള്ളത്. അഖിലേഷിനെതിരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുവമുഖത്തെ അവതരിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് അപർണയെ സ്ഥാനാർഥിയാക്കാനുള്ള ശിവപാലിന്‍റെ തന്ത്രത്തിന് പിന്നിൽ. ശിവപാൽ യാദവിനെ പിന്തുണക്കുന്ന മുലായത്തിന്‍റെ നിലപാടിന് പിന്നിൽ അദ്ദേഹത്തിന്‍റെ രണ്ടാംഭാര്യ സാധന ഗുപ്തയാണെന്ന് അഖിലേഷിനെ പിന്തുണക്കുന്നവർ ആരോപിക്കുന്നത്.

26കാരിയായ അപർണ യാദവ്, മുലായം കുടുംബത്തിൽ നിന്ന് രാഷ്ട്രീയത്തിൽ എത്തുന്ന 20മത്തെ ആളാണ്. മുലായത്തിന്‍റെ ശക്തി കേന്ദ്രങ്ങളായ ഇത്താവ-മെയിൻപുരി-ഫിറോസാബാദ് ബെൽറ്റിൽ നിന്നുള്ള രണ്ടാമത്തെ വ്യക്തിയാണ് സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായ അപർണ. സ്കൂളുകൾ കേന്ദ്രീകരിച്ച് സ്ത്രീ ശാക്തീകരണ പരിപാടികൾ സംഘടിപ്പിക്കുന്ന ഇവർ സർക്കാരിതര സന്നദ്ധ സംഘടനയായ ഹാർഷ് ഫൗണ്ടേഷന്‍റെ 'ബി അവെയ്ർ' ക്യാമ്പയിന്‍റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ്.

നിർഭയ കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മുമ്പ് അപർണ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന േവളയിൽ  അംബേദ്കർ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ അപർണ പങ്കെടുത്തതും മുലായ പേരമകന്‍റെ വിവാഹവേളയിൽ മോദിക്കൊപ്പം സെൽഫി എടുത്തതും വലിയ വാർത്തയായിരുന്നു. 

Tags:    
News Summary - Yadavas struggle in up, The Role Of Aparna in the sp politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.