‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് പൂട്ടി; അപ്രത്യക്ഷമായത് ഇൻസ്റ്റഗ്രാമിൽ ബി.ജെ.പിയെ മറികടന്നതിന് പിന്നാലെ

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായ രാഷ്ട്രീയ പരിഹാസ കൂട്ടായ്മ ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) യുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. എക്സ് അക്കൗണ്ട് തുറക്കുമ്പോൾ കാണിക്കുന്ന പോപ് അപ് മെസേജ് പങ്കുവെച്ച് സി.ജെ.പിയുടെ സ്ഥാപകനായ അഭിജീത് ദീപ്കെയാണ് അക്കൗണ്ട് പൂട്ടിയ വിവരം പങ്കുവെച്ചത്. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ആരംഭിച്ച് വെറും നാലുദിവസങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരുന്നു സി.ജെ.പി. ഇതിനുപിന്നാലെയാണ് എക്സ് അക്കൗണ്ടിനെതിരായ നടപടി. എന്നാൽ, മാസ് റിപ്പോർട്ടിങ്ങിന്റെ അടിസ്ഥാനത്തി​ലാണോ അതോ സർക്കാർ നിർദേശ പ്ര​കാരമാണോ എക്സ് അക്കൗണ്ട് പൂട്ടിയതെന്ന കാര്യം വ്യക്തമല്ല. ‘CJP_2029’ എന്ന പേരുള്ള അക്കൗണ്ട് തുറക്കുമ്പോൾ ‘അക്കൗണ്ട് വിത്ത്ഹോൾഡ്’ എന്നാണ് കാണിക്കുന്നത്. പിന്നാലെ സി.ജെ.പി പുതിയ എക്സ് അക്കൗണ്ട് തുടങ്ങി. 

കോടതി വാദത്തിനിടയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ചില വിവാദ പരാമർശങ്ങളോടുള്ള യുവാക്കളുടെ പ്രതികരണമെന്നോണമാണ് മേയ് 16ന് എക്സ് പ്ലാറ്റ്‌ഫോമിൽ ഈ കാമ്പയിൻ ആരംഭിക്കുന്നത്. തൊഴിലില്ലാത്ത യുവാക്കൾ ആർ.ടി.ഐ പ്രവർത്തകരായി മാറി എല്ലാവരെയും ആക്രമിക്കുകയാണെന്നും അവർ ‘പാറ്റകളെപ്പോലെ’ ആണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. തന്റെ പ്രസ്താവന വ്യാജ ബിരുദമുള്ളവരെ ഉദ്ദേശിച്ചായിരുന്നു എന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചെങ്കിലും, അതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഇതൊരു വൻ പ്രസ്ഥാനമായി മാറിക്കഴിഞ്ഞിരുന്നു.

‘യുവാക്കളുടെ, യുവാക്കൾക്ക് വേണ്ടിയുള്ള, യുവാക്കളാൽ നയിക്കപ്പെടുന്ന മുന്നണി’ എന്നാണ് ഈ പേജിന്റെ ബയോയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. തൊഴിലില്ലായ്മ, ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ യുവതലമുറക്കുള്ള നിരാശയും രാഷ്ട്രീയക്കാരോടുള്ള ചോദ്യങ്ങളും പരിഹാസ രൂപേണ അവതരിപ്പിക്കുകയാണ് ഈ പ്ലാറ്റ്‌ഫോം ചെയ്യുന്നത്.

അതേസമയം, സി.ജെ.പിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് 90 ലക്ഷത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെപ്പോലും അമ്പരപ്പിച്ചു. 2014 മുതൽ രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ ഒഫീഷ്യൽ പേജിനെപ്പോലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ സി.ജെ.പി മറികടന്നു. മേയ് 21-ലെ കണക്കുകൾ പ്രകാരം ബി.ജെ.പിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിന് (@bjp4india) 87 ലക്ഷം ഫോളോവേഴ്സാണുള്ളത്. അതേസമയം കോൺഗ്രസിന് 1.32 കോടിയും ആം ആദ്മി പാർട്ടിക്ക് 19 ലക്ഷവും ഫോളോവേഴ്സുണ്ട്. വെറും 54 പോസ്റ്റുകളിൽ നിന്നാണ് കോക്രോച്ച് ജനതാ പാർട്ടി 90 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്.

ഇൻസ്റ്റഗ്രാമിൽ ബി.ജെ.പിയെ മറികടന്നതിന് പിന്നാലെ ‘ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയെന്നല്ലേ അവർ പറഞ്ഞത്, യുവശക്തിയെ കുറച്ചുകാണരുത്’ എന്ന് സി.ജെ.പി തങ്ങളുടെ പേജിൽ കുറിച്ചിരുന്നു. ബി.ജെ.പിയുടെ മുൻ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘അബ് കി ബാർ 400 പാർ’ എന്നതിനെ പരിഹസിച്ച് ‘അബ് കി ബാർ 10 മില്യൺ പാർ’ എന്നാണ് നെറ്റിസൺസ് ഇപ്പോൾ കുറിക്കുന്നത്.

അഭിജീത് ദിപ്കെ എന്ന 30കാരനാണ് സോഷ്യൽ മീഡിയയിൽ തരംഗമായ ഈ പാർട്ടിയുടെ സ്ഥാപകൻ. മഹാരാഷ്ട്രയിലെ ഔറംഗബാദ് സ്വദേശിയായ അഭിജീത് അടുത്തിടെയാണ് ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. മുമ്പ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ ഇയാൾ ജോലി ചെയ്തിരുന്നു.

ഒരു തമാശയായി തുടങ്ങിയ ഈ കൂട്ടായ്മക്ക് നിലവിൽ അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വരെ പിന്തുണ ലഭിച്ചുകഴിഞ്ഞു. നിലവിൽ ഇവരുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ 1.6 ലക്ഷത്തിലധികം പേർ അംഗത്വത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ ഈ ഫോളോവേഴ്സ് വോട്ടായി മാറുമോ എന്ന ചോദ്യത്തിന് ‘കാത്തിരുന്ന് കാണാം’ എന്നാണ് ഈ കൂട്ടായ്മയെ പിന്തുണക്കുന്നവർ നൽകുന്ന മറുപടി. ലഭിക്കുന്ന പ്രതികരണങ്ങൾ കണക്കിലെടുത്ത് ഇന്ത്യയിൽ തിരിച്ചെത്തി ഈ മൂവ്‌മെന്റുമായി മുന്നോട്ട് പോകാനാണ് അഭിജീതിന്റെ തീരുമാനം. 

Tags:    
News Summary - X withholds Cockroach Janata Party account in India hours after it overtook BJP on Insta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.