രാജ്യത്തെ കോവിഡ് രണ്ടാം തരംഗം തുടരുന്നതിനിടെ രോഗബാധിതരെ കണ്ടെത്താൻ പുതിയ മാർഗവുമായി സ്റ്റാർട്ട് അപ് സംരംഭം. എക്സ്റേയിലൂടെ എളുപ്പത്തിൽ കോവിഡ് കണ്ടെത്താനുള്ള സംവിധാനമാണ് സ്റ്റാർട്ട് അപ് സംരംഭമായ നിരാമയ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ആർട്ട് പാർക്ക് എന്നിവയുടെ സഹകരണത്തോടെയാണ് സേവനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്‍റെ സഹായത്തോടെ എക്സ്റേകളെ പരിശോധനക്ക് വിധേയമാക്കി കോവിഡ് കണ്ടെത്തുന്ന സംവിധാനമാണിത്.
രോഗികളുടെ എക്സ്റേകൾ പരിശോധിച്ച് ശ്വാസകോശത്തിലുണ്ടാവുന്ന പ്രശ്നങ്ങളെ കുറിച്ച് എക്സ്റേ സേതുവെന്ന ഈ സംവിധാനം റിപ്പോർട്ട് നൽകുന്നു. ഇത് പരിശോധിച്ച് രോഗിക്ക് കോവിഡ് രോഗബാധയുണ്ടോയെന്ന് മനസിലാക്കും. വാട്സ് ആപിന്‍റെ സഹായത്തോടെയാണ് എക്സ്റേ സേതു പ്രവർത്തിക്കുന്നത്.
എക്സ്റേ സേതു ആപ് ഉപയോഗിക്കുന്നതിനായി www.xraysetu.com എന്ന വെബ്സൈറ്റിലേക്ക് പ്രവേശിക്കുകയാണ് ആദ്യം വേണ്ടത്. ഇതിന് ശേഷം 'ട്രൈ ദ ഫ്രീ എക്സ്റേ സേതു ബീറ്റ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിന് ശേഷം ലഭിക്കുന്ന വാട്സ് ആപ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ട് സേവനം സ്മാർട്ട്ഫോൺ വഴിയോ വെബ് വഴിയോ ഉപയോഗിച്ച് എക്സ്റേ അപ്ലോഡ് ചെയ്യാം.
അല്ലെങ്കിൽ +91 8046163838 നമ്പറിൽ ഡോക്ടർമാർക്ക് മെസേജ് അയച്ചും സേവനം ഉപയോഗിക്കാം. ഇതിന് ശേഷം എക്സ്റേയുടെ ചിത്രങ്ങൾ അയച്ചു കൊടുത്താൽ അത് അടിസ്ഥാനമാക്കി എക്സ്റേ സേതു റിപ്പോർട്ട് നൽകും. ഇത് പരിശോധിച്ച് ഡോക്ടർമാർക്ക് രോഗികളിലെ കോവിഡ് 19 കണ്ടെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.