യു.പി സർക്കാറിന്‍റെ 'ഒരു ജില്ല ഒരൊറ്റ പാചകരീതി'; പട്ടികയിൽനിന്ന് ലോകപ്രശസ്തമായ മാംസവിഭവങ്ങൾ പുറത്ത്

ലഖ്‌നൗ: ഉത്തർപ്രദേശിലെ തനത് ഭക്ഷണവിഭവങ്ങളെ ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'ഒരു ജില്ല ഒരൊറ്റ പാചകരീതി' പട്ടികയിൽ നിന്ന് ലോകപ്രശസ്തമായ മാംസവിഭവങ്ങളെ ഒഴിവാക്കിയത് വിവാദമാകുന്നു. യു.പിയുടെ ഭക്ഷണ സംസ്‌കാരത്തിന്റെ അടയാളങ്ങളായ ലഖ്‌നൗവിലെ ടുണ്ടെ കബാബ്, ഗലൗട്ടി കബാബ്, അവധി ബിരിയാണി, നിഹാരി, റാംപൂരിലെ മട്ടൻ കോർമ എന്നിവയൊന്നും സർക്കാരിന്റെ ഔദ്യോഗിക പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. സസ്യവിഭവങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന പട്ടിക അപൂർണ്ണവും വിവേചനപരവുമാണെന്ന് വിമർശനം ഉയരുന്നു. സർക്കാർ നീക്കം വിവേചനപരമാണെന്നും അറിവില്ലായ്മയിൽ നിന്ന് ഉണ്ടായതാണെന്നും പ്രമുഖ ഭക്ഷ്യചരിത്രകാരൻ പുഷ്പേഷ് പന്ത് പ്രതികരിച്ചു.

പുതിയ പട്ടിക പ്രകാരം ആഗ്രയിലെ പേത്ത, മഥുരയിലെ പേഡ, അയോധ്യയിലെ കച്ചോരി, വാരാണസിയിലെ തിരംഗ ബർഫി, മീററ്റിലെ ഗജക് എന്നിവയ്ക്കാണ് ആഗോള അംഗീകാരം നൽകുന്നത്. പ്രാദേശിക കരകൗശല വിദഗ്ധരെയും ചെറുകിട സംരംഭകരെയും സഹായിക്കാനാണ് ഈ പദ്ധതിയെന്നും ആധുനിക പാക്കേജിങിലൂടെ ഇവ ലോകവിപണിയിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉപദേശകൻ അവനിഷ് അവസ്തി വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിൽ ബജറ്റ് ചർച്ചയ്ക്കിടെയാണ് മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. കുടുംബശ്രീ മാതൃകയിലുള്ള സ്വയംസഹായ സംഘങ്ങൾ വഴി സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ നൽകാനും പ്രാദേശിക സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായാണ് സർക്കാർ നൽകുന്ന വിശദീകരണം.

Tags:    
News Summary - World-Famous Meat Dishes Excluded from UP Government’s ‘One District One Product’ List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.