വ്യാപക വിമർശനം നേരിട്ട പുതിയ സ്വകാര്യത നയം ഉടൻ നടപ്പാക്കില്ലെന്ന്​ വാട്​സാപ്​ കോടതിയിൽ

ന്യൂഡൽഹി: വ്യാപക വിമ​ർശനത്തിനിടയാക്കി ഉപയോക്​താക്കൾക്ക്​ വാട്​സാപ്​ നിർബന്ധമാക്കിയ പുതിയ സ്വകാര്യത നയം ഉടൻ അടിച്ചേൽപിക്കില്ലെന്ന്​ കോടതിയിൽ. വ്യക്​തിഗത വിവര സംരക്ഷണ ബിൽ നടപ്പാകുംവരെ നിയമം നടപ്പാക്കില്ലെന്ന്​ വാട്​സാപിനും ഫേസ്​ബുക്കിനും വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ്​ സാൽവേ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

പുതിയ സ്വകാര്യത നയത്തിന്‍റെ ഭാഗമാകാത്തവർക്ക്​ പരിമിതികൾ ഏർപെടുത്തുമെന്ന തീരുമാനവും നിർത്തിവെക്കും. ''നയം ഒഴിവാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്​. വിവര സംരക്ഷണ ബിൽ നിയമമാകുംവരെ നടപ്പാക്കില്ലെന്ന്​ അറിയിച്ചിട്ടുണ്ട്​. തുറന്ന സമീപനമാണിത്​. കാരണം, ബിൽ എന്നുനടപ്പാകും എന്നറിയില്ല''- ചീഫ്​ ജസ്റ്റീസ്​ ഡി.എൻ പാട്ടീൽ, ജസ്റ്റീസ്​ ജ്യോതി സിങ്​ എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെ ഹരീഷ്​ സാൽവേ പറഞ്ഞു.

നിർബന്ധിതമായല്ല, സ്വയമേവ തീരുമാനിച്ചാണ്​ സ്വകാര്യത നയം നട​പ്പാക്കേണ്ടെന്ന്​ വെച്ചതെന്നും സാൽവേ പറഞ്ഞു.

ജനുവരിയിലാണ്​ വാട്​സാപ്പ്​ ആദ്യമായി സ്വകാര്യത നയം പ്രഖ്യാപിച്ചിരുന്നത്​. ഫെബ്രുവരിയിൽ നടപ്പാക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപനം. എന്നാൽ, കടുത്ത വിമർശനത്തിന്‍റെ പശ്​ചാത്തലത്തിൽ മേയ്​ 15 വരെ നീട്ടി. അതുകഴിഞ്ഞും നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട്​ എടുത്തുകളയുമെന്നായിരുന്നു ഭീഷണി. ഇതോടെ, മറ്റു സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്ക്​ ലക്ഷങ്ങൾ​​ ചേക്കേറിയത്​ കമ്പനിയെ പ്രതിസന്ധിയിലാക്കി. സിഗ്​നൽ, ടെലഗ്രാം പോലുള്ള പ്ലാറ്റ്​ഫോമുകളാണ്​ ഇതിന്‍റെ നേട്ടം കൊയ്​തത്​.

എന്നാൽ, അക്കൗണ്ട്​ എടുത്തുകളയില്ലെന്നും അവയുടെ ഉപയോഗം പരിമിതപ്പെടുത്തുമെന്നുമായി പിന്നീട്​ വിശദീകരണം. എന്നിട്ടും വഴങ്ങാതെ ഭൂരിപക്ഷം വരിക്കാരും മാറിനിൽക്കുകയായിരുന്നു. 

Tags:    
News Summary - Won't Compel Users To Accept New Privacy Policy: WhatsApp Tells Delhi HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.