ന്യൂഡൽഹി: ഡൽഹി സ്ഫോടനം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിന് മുമ്പ് തിടുക്കപ്പെട്ട് ഒന്നും പറയുന്നത് ശരിയല്ലെന്നും ഡൽഹി നോർത്ത് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ രാജ ബന്തിയ. ‘യുഎപിഎ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘവും എൻഎസ്‌ജി സംഘവും ഉണ്ട്. അവർ പ്രദേശം മുഴുവൻ തിരച്ചിൽ നടത്തുകയും തെളിവുകൾ പരിശോധിക്കുകയും ചെയ്യുന്നു. നിലവിൽ അന്വേഷണം നടക്കുകയാണ്. കാര്യങ്ങൾ സ്ഥിരീകരിക്കാതെ തിടുക്കപ്പെട്ട് പറയുന്നത് ശരിയാകില്ല’ -സ്‌ഫോടന സ്ഥലത്തിന് സമീപം ഡിസിപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഫോറൻസിക് സംഘം സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ പരിശോധിക്കുകയാണ്. ഈ പ്രക്രിയയ്ക്ക് ഏകദേശം 1-2 ദിവസമെടുക്കും. ഏതുതരം രാസവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് പരിശോധനയുടെ അടിസ്ഥാനത്തിൽ അവർക്ക് പറയാൻ കഴിയും’ -അദ്ദേഹം പറഞ്ഞു. മെട്രോ റെയിൽ അടക്കുന്നതിനെ കുറിച്ചോ അതിർത്തി അടക്കുന്നതിനെക്കുറിച്ചോ ഡൽഹി പോലീസും സർക്കാരും ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഫോടനത്തിന് ഉപയോഗിച്ച കാർ പാർക്കിങ് ഏരിയയിലേക്ക് പ്രവേശിക്കുന്നതിന്റെയും പുറത്തേക്ക് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ഡൽഹി പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവസമയത്ത് പ്രതി തനിച്ചായിരുന്നുവെന്ന് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. ദര്യഗഞ്ചിലേക്ക് കാർ എത്തിയത് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. വാഹനത്തിന്റെ യാത്ര കണ്ടെത്താൻ സമീപത്തുള്ള ടോൾ പ്ലാസകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടെ 100ലധികം സി.സി.ടി.വി ക്ലിപ്പുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. ശാന്തത പാലിക്കാനും ഊഹാപോഹങ്ങൾ ഒഴിവാക്കാനും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച എൽ.എൻ.ജെ.പി ആശുപത്രി ഡൽഹി ആഭ്യന്തരമന്ത്രി ആശിഷ് സൂദിനൊപ്പം മുഖ്യമന്ത്രി സന്ദർശിച്ചു. ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.